കോഴിക്കോട്: സൗദി എയര്‍ലൈന്‍സ് ബുധനാഴ്ച മുതല്‍ കരിപ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ചു. ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ നാലും റിയാദില്‍ നിന്ന് മൂന്നും സര്‍വീസുകളാണ് ഉണ്ടാവുക. ആദ്യ സര്‍വീസ് ബുധനാഴ്ച പുലര്‍ച്ചെ 3.15ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ച സര്‍വീസാണ് സൗദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നത്. നിലവില്‍ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.
ഈ വര്‍ഷം സൗദി എയര്‍ലൈന്‍സ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള സര്‍വീസാണ് കോഴിക്കോട്ടേക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍നിന്ന് ഇടവിട്ട ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് സര്‍വീസ്. ഇന്ത്യന്‍ സെക്റ്ററില്‍ സൗദിക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് കോഴിക്കോട്ടേക്കാണ്. ഹജ്ജ് – ഉംറ തീര്‍ത്ഥാടകരും ഇതില്‍പ്പെടും.

