
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടന ചടങ്ങിന്റെ ക്രമീകരണങ്ങളും വിമാനത്താവളത്തിന്റെ തല്‍സ്ഥിതിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ അവലോകനംചെയ്തു. ഡിസംബര്‍ ഒമ്പതിന് വലിയ ആഘോഷങ്ങളില്ലാതെ പ്രൗഢഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്താനാണ് വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. രാവിലെ 10ന് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങ് ആരംഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവടക്കമുള്ളവര്‍ അതിഥികളായെത്തും. ഒരു ലക്ഷം പേരെയാണ് ചടങ്ങില്‍ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ഒരുക്കേണ്ട സൗകര്യങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. മുഖ്യമന്ത്രിയും മന്ത്രിമാരായ ഇ പി ജയരാജന്, കെ കെ ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരും ഉദ്യോഗസ്ഥരും വിമാനത്താവളം ചുറ്റിക്കണ്ടശേഷമാണ് അവലോകന യോഗം ചേര്‍ന്നത്. ഡിജിസിഎയും മറ്റ് അധികൃതരും വിമാനത്താവള സംവിധാനങ്ങളില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചതായി കിയാല്‍ അധികൃതര്‍ അറിയിച്ചു.

പകല്‍ മൂന്നരയോടെയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും വിമാനത്താവളത്തിലെത്തിയത്. കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി തുളസിദാസ് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. തുടര്‍ന്ന് ടെര്‍മിനല്‍, ബാഗേജ് പരിശോധനാ സംവിധാനം, എയര്‍ ട്രാഫിക് കണ്ട്രോള് ടവര്‍, സിസിടിവി കണ്ട്രോള് റൂം, റണ്‍വേ, അലങ്കാരങ്ങള്‍ തുടങ്ങിയവ നേരില്‍ കണ്ടു വിലയിരുത്തി. യാത്രക്കാരെ വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായി സാജു തുരുത്തില് തയ്യാറാക്കിയ 16.56 മീറ്റര്‍ നീളവും 11 മീറ്റര്‍ ഉയരവുമുള്ള തെയ്യത്തിന്റെ രൂപം, മലബാറിലെ പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹരീന്ദ്രന്‍ ചാലാട് ഒരുക്കിയ ചുവര് ചിത്രങ്ങള്‍ എന്നിവയും മുഖ്യമന്ത്രി കണ്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, ഉത്തരമേഖലാ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, ജില്ലാ പൊലീസ് മേധാവി ശിവവിക്രം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. എംഡിയെ കൂടാതെ വിമാനത്താവള ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെ പി ജോസ്, ചീഫ് ഓപ്പറേറ്റിങ് എന്‍ജിനിയര്‍ കെ എസ് ഷിബുകുമാര്‍, സിഐഎസ്എഫ് കമാന്‍ഡര്‍ ഡി എസ് ഡാനിയേല്‍ ധന്‍രാജ് തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.


