ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ നാളെ പൂപ്പാറയിൽ ധർണ നടത്തും. ഉച്ചക്ക് 3 മണി മുതൽ വൈകിട്ട് ആറു വരെ ധർണ നടത്താനാണ് സർവകക്ഷി യോഗത്തിൽ തീരുമാനമായത്. അരിക്കൊമ്പൻ തകർത്ത വീടുകളുടെ ഉടമകളെയും ആന കൊന്നവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയാണ് സമരം. അരിക്കൊമ്പനെ പിടികൂടുന്നത് വരെ സമരം തുടരാനും സർവകക്ഷി യോഗം തീരുമാനിച്ചു.
കാട്ടാനയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടന്നിരുന്നു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകീട്ട് ആറ് മണിക്ക് സമാപിച്ചു. ചിന്നക്കനാല്‍ പവര്‍ ഹൗസിലും, പൂപ്പാറയിലും, കൊച്ചി-ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികൾ നടക്കുകയാണ്. അരിക്കൊമ്പനെ പിടികൂടും വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും ജനകീയ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്


