
കട്ടപ്പന: ആയിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ പ്രകടനത്തോടെ ഹൈറേഞ്ചിന്റെ വാണിജ്യതലസ്ഥാനമായ കട്ടപ്പനയില്‍ പരസ്യപ്രചാരണത്തിന് ഗംഭീര സമാപനം. ഹൈറേഞ്ചിന്റെ മലമടക്കുകളില്‍ അലയടിച്ച് മുദ്രാവക്യം വിളിയുയര്‍ന്നപ്പോള്‍ ആവേശം കൊടുമുടിയിലെത്തി.
അഡ്വ.ജോയസ്ജോര്ജ് വാദ്യമേളങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ കട്ടപ്പനയില്‍ എത്തിയപ്പോള്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് വരവേറ്റത്. തെരഞ്ഞെടുപ്പ് അടയാളമായ ബാറ്ററി ടോര്‍ച്ചും ചിത്രം മുദ്രണം ചെയ്ത കൊടികളും ചെമ്പതാകകളും വീശി ബൈക്കുകളിലും പ്രകടനങ്ങളിലും എത്തിയ വന്‍ ജനാവലി എല്‍ഡിഎഫ് വിജയം അടിവരയിട്ടു. സമാപനത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആവേശം അലകടലായി.
അതിജീവന സമരത്തിന് ചരിത്രം രചിച്ച ഹൈറേഞ്ചിന്റെ സിരാ കേന്ദ്രമായ കട്ടപ്പനയില്‍ സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് പ്രസംഗിച്ചതും ആവേശമായി. ഏഴ് മണ്ഡലങ്ങളിലെ ഔദ്യോഗിക പര്യടനങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഞായറാഴ്ച 50 കി. മീറ്റര്‍ മെഗാ റോഡ് ഷോയോട് കൂടി കലാശക്കൊട്ട് നടത്തിയത്. നൂറ്കണക്കിന് ബൈക്ക് റാലിയുടെ അകമ്പടിയോടെയായിരുന്നു രാവിലെ മുതല്‍ സ്ഥാനാര്‍ഥി പര്യടനം.
രാവിലെ പ്രകാശില്‍നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ചേലച്ചുവട്ടില്നിന്നും സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജും റോഡ് ഷോയോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് കരിമ്പന്‍, തടിയമ്പാട്, ഇടുക്കി, പാണ്ടിപ്പാറ, തങ്കമണി വഴി ഇരട്ടയാര്‍, വെള്ളയാംകുടി, നരിയമ്പാറ ഇരുപതേക്കര്‍ വഴി കട്ടപ്പന ടൗണില്‍ സമാപിച്ചു.
മൂവായിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ ഇടുക്കിക്കവലയില്‍ നിന്നും നൂറുകണക്കിന് ബൈക്കുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കട്ടപ്പന സെന്‍ട്രല്‍ ജഗ്ഷനില്‍ എത്തിയപ്പോള്‍ വഴിയരികില്‍ നിന്ന പൊതുജനങ്ങളും ആവേശപൂര്‍വം പ്രകടനത്തിന്റെ ഭാഗമായി. തുടര്‍ന്ന് ടൗണ്‍ ചുറ്റി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെത്തി സ്ഥാനാര്‍ഥി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പരസ്യ പ്രചാരണത്തിന്റ അവസാന നിമിഷവും സ്ഥാനാര്‍ഥിയുടെ വാക്കുകള്‍ നിറഞ്ഞ കാഘോഷത്തോടെയും ആര്‍പ്പു വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. എല്‍ഡിഎഫ് നേതാക്കളായ സി വി വര്‍ഗീസ്, മാത്യൂ വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, വി ആര് സജി, എന്‍ ശിവരാജന്, പി ബി സബീഷ്, വി ആര് ശശി, വി എസ് അഭിലാഷ്, അനില്‍ കൂവപ്ലാക്കല്‍, സാജന് കുന്നേല്‍, കെ പി ഹസ്സന്, ജോസഫ് കുഴിപ്പള്ളി എനനിവര്‍ നേതൃത്വം നല്കി.


