അടിമാലി: പാറക്കുളത്തില്‍ വീണ മൂത്ത കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇടുക്കിയില്‍ സഹോദരിമാരും അമ്മൂമ്മയും മുങ്ങി മരിച്ചു. കൊമ്പൊടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ ബിനോയ്-ജാസ്മി ദമ്പതികളുടെ മക്കളായ ആന്മരിയ, അമേയ എന്നിവരും ജാസ്മിയുടെ മാതാവ് 50 വയസുളള എല്‍സമ്മയുമാണ് മരിച്ചത്. സഹോദരിമാര്‍ക്ക് എട്ടും നാലും വയസായിരുന്നു പ്രായം.
കൊമ്പൊടിഞ്ഞാലിന് സമീപം പെരിഞ്ചാംകുട്ടിയിലാണ് സംഭവം. ഇവിടെയുളള പാറക്കുളത്തില്‍ വീണ് മൂന്ന് പേരും മുങ്ങി മരിക്കുകയായിരുന്നു. പാറക്കുളത്തില്‍ വീണ മൂത്ത കുട്ടി ആന്മരിയയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റ് രണ്ട് പേര് അപകടത്തില്‍പെട്ടത്.
തുണി അലക്കാന്‍ പോയ സമയത്ത് മൂത്ത കുട്ടി ആന്‍ മരിയ പറകുളത്തില്‍ നിന്നും വെള്ളം കോരി എടുക്കുന്നതിനിടയില്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. രക്ഷിക്കാന്‍ പുറകെ ചാടിയ വല്യമ്മ എല്‍സമ്മയ്ക്ക് ഒപ്പം ഇളയ കുട്ടി അമേയയും വെള്ളത്തിലേക്ക് വീണു. ഇതോടെ മൂവരും മുങ്ങി പോവുകയായിരുന്നു. സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന എല്‍സമ്മയുടെ ഭര്‍തൃ സഹോദരി ബഹളം വെച്ച് ആളുകളെ കൂട്ടി. ഉടന്‍ ഓടി എത്തിയ നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വെള്ളത്തൂവല്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.