തൊടുപുഴ: നാല് കോടി രൂപ അനുവദിച്ച് പുനരുദ്ധാരണം ആരംഭിച്ച കാരിക്കോട്- വെളളിയാമറ്റം റോഡിന്റെ ജോലികള്‍ പാതി വഴിയില്‍ നിലച്ചിട്ട് രണ്ടു മാസം. നാല് വര്‍ഷമായി തകര്‍ന്നു കിടക്കുന്ന റോഡ് മഴക്കാലം കൂടി ആയതോടെ ജനത്തിന്റെയും വാഹനങ്ങളുടെയും നടുവൊടിക്കുകയാണ്. റോഡിലെ ഭീമന് കുഴികളില്‍ വീണ് നിരവധി വാഹനങ്ങള്‍ക്കാണ് തകരാര്‍ ഉണ്ടായത്. ഇന്നലെ ഇടവെട്ടി മസ്ജിദിന് മുന്നിലെ ഗട്ടറില്‍ വീണ് കാറിന്റെ മുന്‍ വശത്തെ വീല്‍ ഷാഫ്റ്റ് ഒടിഞ്ഞു.
കാരിക്കോട്-വെള്ളിയാമറ്റം റോഡിന്റെ കാരിക്കോട് മുതല്‍ ആലക്കോട് വരെയുള്ള ഭാഗം ആധുനിക രീതിയില്‍ നിര്‍മിക്കാന്‍ 4.2 കോടി രൂപ കഴിഞ്ഞ ഒക്ടോബറില്‍ അനുവദിച്ചതാണ്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിലെ നടപടികള്‍ ഇഴഞ്ഞു നീങ്ങിയതിനാല്‍ നിര്‍മാണം ആരംഭിച്ചത് മഴക്കാലം ആയ ശേഷം. ആറു കി.മീയോളം വരുന്ന റോഡിന്റെ പകുതിയോളം ആദ്യ ഘട്ട ടാറിംഗ് നടത്തിയ ശേഷം കരാറുകാരന് പണി നിര്‍ത്തി. ആലക്കോട് മുതല്‍ ഇടവെട്ടി ഇ എം എസ് ഭവന് മുന്‍വശം വരെയാണ് ഇപ്പോള്‍ ഒന്നാം ഘട്ട ടാറിംഗ് നടത്തിയിട്ടുളളത്. നിര്‍മാണം നടന്ന പല ഭാഗങ്ങളും ഇതിനോടകം പൊട്ടിപ്പൊളിഞ്ഞു കഴിഞ്ഞു.
ഇടവെട്ടി മുതല്‍ കാരിക്കോട് വരെയുളള ഭാഗത്ത് റോഡ് പേരിന് മാത്രമാണുളളത്. 25 സര്‍വീസ് ബസുകളും നിരവധി വാഹനങ്ങളും ഓടുന്ന വഴിയാണിത്. ഓട്ടോറിക്ഷക്കാര്‍ ഓട്ടം വരാന്‍ മടിക്കുകയാണ്. പല വാഹനങ്ങളും ഇടവെട്ടി കനാല്‍ റോഡ് വഴി കീരികോട് കൂടിയാണ് ഇപ്പോള്‍ തൊടുപുഴയിലെത്തുന്നത്.
ആധുനിക രീതിയില്‍ ബി.എം ആന്‍ഡ് ബി.സി ടാറിങ്ങാണ് നടത്തുകയെന്നാണ് പി ജെ ജോസഫ് എം എല്‍ എ അറിയിച്ചിരുന്നത്. ഇക്കാരണത്താല്‍ റോഡ് അലൈന്മെന്റ് ശരിയാക്കേണ്ടി വന്നതിനാലാണ് നിര്‍മാണം ആരംഭിക്കാന്‍ വൈകിയതെന്നാണ് അധികൃതര്‍ പറയുന്നത്. കരാര്‍ അനുസരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ ശേഷിക്കുന്നുണ്ടെന്നാണ് വിവരം. അപ്പോഴേക്കും ടാര്‍ ചെയ്ത ഭാഗം വീണ്ടും തകരുകയും, ടാറിംഗ് നടത്താത്ത കാരിക്കോട് മുതല്‍ ഇടവെട്ടി വരെ ഗതാഗതം സാധ്യമല്ലാതെ വരികയും ചെയ്യും. ആധുനിക ടാറിംഗ് ഇല്ലെങ്കിലും നടുവൊടിയാതെ യാത്ര ചെയ്യാന്‍ കഴിയണം എന്നാണ് നാട്ടുകാരുടെ ആഗ്രഹം.