ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തില്‍ തങ്കമണി അമ്പലമേട്ടില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ഹൃദയാഘാതം മൂലമാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവിന്റെ നിരീക്ഷണ കാലാവധി അവസാനിച്ചിരുന്നു. അമ്പലമേട് കാലാപ്പറമ്പില്‍ ജോസിന്റെ മകന് അനൂപി [26] നെ ആണ് ഇന്നലെ പുലര്‍ച്ചെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
എറണാകുളത്ത് സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന അനൂപ് ലോക് ഡൗണിന് തൊട്ടു മുന്‍പ് ബാഗ്ളൂര്‍ പോയി വന്നിരുന്നു. ഇക്കാരണത്താല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, മുന്‍പ് നിരീക്ഷണത്തിലിരുന്നതിനാല് മരണശേഷം യുവാവിന്റെ ശ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു. ഫലം വരുന്നതുവരെയും മൃതദേഹം സംസ്കരിക്കാനാവാതെ തങ്കമണി സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ പ്രത്യേക സംവിധാനത്തോടു കൂടി സൂക്ഷിച്ചിരിക്കുകയാണ്.


