മൂന്നാര്‍ : മൂന്നാറിലെ കാട്ടാന പടയപ്പയെ നിയന്ത്രിക്കാൻ പ്രത്യേക വനം വകുപ്പ് സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ആന ജനവാസ മേഖലയില്‍ എത്താതെ ശ്രദ്ധിക്കാനാണ് ടീം രൂപീകരിക്കുന്നത്. ആനയ്ക്ക് വനത്തിനുള്ളില്‍ തന്നെ ആഹാരവും വെള്ളവും ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി. വന്യമൃഗ ആക്രമണം തടയാൻ നിലവിൽ പത്ത് ആര്‍ആര്‍ടിയും, രണ്ട് സ്പെഷ്യൽ ടീമും ഉണ്ട്. ഇത് കൂടുതൽ വിപുലീകരിക്കും. കൂടുതൽ സ്ഥലങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തും. നഷ്ടപരിഹാരം കൊടുക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും യോഗത്തില്‍ മന്ത്രി അറിയിച്ചു. ഫെൻസിങിന് അടിയന്തര അറ്റകുറ്റ പണി നടത്താൻ പഞ്ചായത്തുകൾ ഫണ്ട് മാറ്റി വക്കും. വന്യ ജീവി ആക്രമണം തടയാൻ കൂടുതൽ പരിപാടികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തുമെന്നും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.