കാക്കനാട്: പ്രളയബാധിതര്‍ക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാന്‍ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റിസര്‍ജന്റ് കേരള വായ്പാ പദ്ധതി (ആര്.കെ.എല്‍.എസ്.) ഈ മാസം 15 ന് ഉള്ളില്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ജില്ലയില്‍ ഇതുവരെ 306 കോടി രൂപ റിസര്‍ച്ച് കേരള വായ്പ പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്. 4888 അയല്‍ക്കൂട്ടങ്ങളില്‍ ആയി 37462 ആളുകള്‍ക്ക് നിലവില്‍ വായ്പ ലഭ്യമായിട്ടുണ്ട്. അവശേഷിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് ഈ മാസം 15ന് അകം മുഴുവന്‍ തുകയും ലഭ്യമാക്കണമെന്ന് ബാങ്കുകള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
വായ്പാ വിതരണത്തില്‍ സംസ്ഥാനത്ത് എറണാകുളം ജില്ലയാണ് മുന്നില്‍. വടക്കേക്കര, ആലങ്ങാട്, ചിറ്റാറ്റുകര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളാണ് ഏറ്റവുമധികം തുക വിതരണം ചെയ്തത്. താലൂക്കുതലത്തില്‍ നോര്‍ത്ത് പറവൂരാണ് മുന്നില്‍. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ഡിസ്ട്രിക്ട് മിഷന് കോര്‍ഡിനേറ്റര്‍ ടിപി ഗീവര്‍ഗീസ്, എഡിഎംസി എസ് രഞ്ജിനി, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


