കൊച്ചി: സമഗ്ര ശിക്ഷ കേരള വടക്കൻ പറവൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണത്തിന് മുന്നോടിയായി വാരാചരണത്തോടനുബന്ധിച്ച് വിളംബര ജാഥ നടത്തി. ‘ഭിന്നശേഷിക്കാരായവരെ ശക്തിപ്പെടുത്തുന്നത്, ഉൾചേർക്കുന്നത്, സമത്വം ഉറപ്പാക്കുന്നത്’ എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പറവൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച ജാഥ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, ജൂനിയർ റെഡ് ക്രോസ്, എൻസിസി ബാൻഡ് മേളം, പറവൂർ ടൗൺ മോഡൽ എൽ.പി സ്കൂളിലെ കുട്ടികളുടെ ചേക്കുട്ടി പാവ രൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ അംബേദ്ക്കർ പാർക്കിൽ സമാപിച്ചു.
കുമാരി ആൻസി ഫ്ലാഗ് ഓഫ് ചെയ്ത വിളംബര ജാഥയിൽ ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.ജി അനൂപ്, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രിക, പറവൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഡെന്നി തോമസ്, ബി.പി.ഒ ശ്രീകുമാർ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. എല്ലാവരും ചേർന്ന് വലിയ കാൻവാസിൽ നവകേരള സൃഷ്ടി ചിത്രരചന നടത്തി. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കായിക മത്സരങ്ങൾ അരങ്ങേറി.