മൂവാറ്റുപുഴയുടെ ജനകീയ തഹസീല്‍ദാരായിരുന്ന പി.എസ്.മധുസൂദനന് ഇന്നലെ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 1990-ല്‍ മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ ക്ലര്‍ക്കായി റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച മധുസൂദനന് അതേ താലൂക്ക് ഓഫീസില്‍ നിന്നും തഹസീല്‍ദാര്‍ ആയിട്ടാണ് ജോലിയില്‍ നിന്നും വിരമിക്കുന്നത്. റവന്യൂ വകുപ്പിലെ ജോലിക്കിടെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഐരാപുരം വില്ലേജ് ഓഫീസറായും, കണ്ണൂര്‍ ജില്ലയിലെ തളിപറമ്പിലും തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലും കോട്ടയം ജില്ലയിലെ മീനച്ചിലും തഹസീല്‍ദാറായി ജോലിനോക്കിയ മധുസൂദനന് കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മൂവാറ്റുപുഴ തഹസീല്‍ദാറായി ജോലി നോക്കി വരികയായിരുന്നു.
2018-19 വര്‍ഷങ്ങളില്‍ മൂവാറ്റുപുഴ നേരിട്ട രണ്ട് പ്രളയങ്ങള്‍ക്കും തുടര്‍ന്നുള്ള സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയതോടെയാണ് മധുസൂദനന് മൂവാറ്റുപുഴയുടെ ജനകീയ തഹസീല്‍ദാറായി ജനമനസുകളില്‍ ഇടം നേടിയത്. മൂവാറ്റുപുഴ താലൂക്കില്‍ നടന്ന സഭാ തര്‍ക്കത്തിലും ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തിയത്. കോവിഡ് 19 മായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ കുറ്റമറ്റ ഇടപെടലുകളാണ് മധുസൂദനന് നടത്തിവന്നിരുന്നത്. അവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതും ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിക്കുന്നതിലടക്കം അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ മൂവാറ്റുപുഴ നിവാസികള്‍ക്കും ജനപ്രതിനിധികളുടെയും അംഗീകാരത്തിന് കാരണമായി.
2018-ല്‍ മികച്ച തഹസീല്‍ദാര്‍ക്കുള്ള ജില്ലാ കളക്ടറുടെ അവാര്‍ഡിനും അര്‍ഹനായി. മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട സ്വദേശിയാണിദേഹം. അധ്യാപികയായ ലേഖയാണ് ഭാര്യ. മകന് വിഷ്ണു കാനഡയില്‍ എഞ്ചിനിയറും മകള്‍ വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമാണ്. മൂവാറ്റുപുഴയ്ക്ക് ഒരിക്കലും മറക്കാനാകാത്ത മധുസൂദനന് നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ജീവിതത്തിലെ നാനതുറകളിലുള്ള നിരവധിയാളുകളാണ് ആശംസകളുമായി എത്തിയത്. ഇന്നലെ താലൂക്ക് ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ മധുസൂദനന് ഉപഹാരം നല്കി. ആര്.ഡി.ഓ സാബു, കെ.ഐസക്ക്, മൂവാറ്റുപുഴ ഡി.വൈ.എസ്.പി.അനില്‍കുമാര്‍, എല്‍.എ തഹസീല്‍ദാര്‍ അസ്മ ബീവി എന്നിവര്‍ സംബന്ധിച്ചു.


