മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതി 23-കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കാനുള്ള അനുമതിയാണ് ലഭിച്ചത്.
2016-17 സംസ്ഥാന ബജറ്റില്‍ 23-കോടി രൂപ പദ്ധതിയ്ക്ക് അനുവദിച്ചിരുന്നു. പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതിയ്ക്ക് അനുമതി ലഭിച്ചതോടെ നിയോജോക മണ്ഡലത്തില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായി ഇത് മാറുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കാളിയാര്‍ പുഴയുടെ തീരത്ത് പനങ്കര കാവുംകഴത്താണ് കിണറും പമ്പ് ഹൗസും സ്ഥാപിച്ച് ഇവിടെ നിന്നും 50-എച്ച്.പി.യുടെ മോട്ടോര്‍ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് കടവൂരില്‍ പാതിരിപ്പാറയില്‍ പഞ്ചായത്ത് കണ്ടെത്തിയ 70-സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന 40-ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ശുചീകരണ പ്ലാന്റിലെത്തിച്ച് ശുചീകരിച്ച ശേഷം മാവുംതൊട്ടി പത്രിച്ചോട് മലയിലെ 4.75 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലും, കുളപ്പുറത്ത് സ്ഥാപിക്കുന്ന 4.5-ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയ ടാങ്കിലും, ചാത്തമറ്റം മെത്രാന് കൂപ്പിലുള്ള 2.95-ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള നിലവിലെ ടാങ്കിലും വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കാളിയാര്‍ പുഴയുടെ തീരത്ത് പനങ്കര കാവുംകഴത്ത് നിര്‍മിക്കുന്ന കിണറിന് സമീപത്തെ പമ്പ് ഹൗസില്‍ 50-എച്ച്.പിയുടെ രണ്ട് മോട്ടോറുകളാണ് സ്ഥാപിക്കുന്നത്. 300-എം.എമ്മത്തിന്റെ 3200-മീറ്റര്‍ പംമ്പിംഗ് ലൈനും സ്ഥാപിക്കും. ശുചീകരണ പ്ലാന്റില്‍ നിന്നും വെള്ളം ടാങ്കുകളില്‍ എത്തിക്കുന്നതിന് 250-എം.എം, 200-എം.എം, 150-എം.എമ്മത്തിന്റെ 9100-മീറ്റര്‍ പൈപ്പ് ലൈനുകളും സ്ഥാപിക്കും. ശുചീകരണ പ്ലാന്റില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനായി 35-എച്ച്.പിയുടെ രണ്ട് മോട്ടറുകളും, 25-എച്ച്.പി.യുടെ രണ്ട് മോട്ടറുകളും സ്ഥാപിക്കും. ഇതിന് പുറമേ ജലവിതരണത്തിനായി 200-കിലോമീറ്റര്‍ പൈപ്പ് ലൈനുകളും സ്ഥാപിക്കും.
ഇടുക്കി ജില്ലയോട് ചേര്‍ന്ന് കിടക്കുന്നതും, കാര്‍ഷീക, ഗ്രാമീണ മേഖലയായ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ വേനല്‍ കനക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. മലകളും കുന്നുകളും നിറഞ്ഞ പഞ്ചായത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളെല്ലാം തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികള്‍ പഞ്ചായത്തിലുണ്ടങ്കിലും വേനല്‍ക്കാലത്ത് പഞ്ചായത്ത് നിവാസികള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിലും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലും വാഹനത്തില്‍ വെള്ളമെത്തിച്ച് നല്‍കുന്നതാണ് പ്രദേശവാസികല്ക്ക് ഏക ആശ്രയം. പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ 4000-ത്തോളം കുടുംബങ്ങല്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിയുമെന്നും, പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുരേഷ് പറഞ്ഞു.


