കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ എ – ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ സുധാകര സതീശന് പക്ഷവും ശ്രമം തുടങ്ങി.
അതേസമയം അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ മത്സരിപ്പിക്കുവാനുള്ള നീക്കമാണ് ഒരു വിഭാഗം നടത്തുന്നത്. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്കും മുന്നണിക്കും ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് നേതൃത്വം . കലാലയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഉമ തെരഞ്ഞെടുപ്പ് വേളകളില്‍ പ്രചരണ രംഗത്ത് സജീവമായിരുന്നു. നേതാക്കളോടും മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയിലും വലിയ സ്വീകാര്യത ഉമയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയും ഈ വിഭാഗത്തിനുണ്ട്.
ഡിസിസി പ്രസിഡന്റ്റ് മുഹമ്മദ് ഷിയാസ്, കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലീബ്, മുന്‍ എംപി കെ.വി തോമസ്, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ നെട്ടോട്ടം തുടങ്ങിയത്. പി.ടി.തോമസ് തങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാല്‍ സീറ്റ് തങ്ങള്‍ക്കു വേണമെന്നുമുള്ള നിലപാടിലാണ് എ ഗ്രൂപ്പ്. ഉമയല്ലങ്കില് എ ഗ്രൂപ്പില്‍ നിന്നും പരിഗണിക്കാന്‍ ഒന്നാമത്തെ സാധ്യത മുത്തലിക്കാണ്. കെപിസിസി ജനറല്‍ സെക്രട്ടറിയും മികച്ച സംഘാടകനുമായ മുത്തലീബിനായി ഒരുവിഭാഗം രംഗത്തുണ്ട്.
ഒരിക്കലും പാര്‍ലമെന്ററി സ്ഥാനത്തേക്ക് പരിഗണിക്കപെടാതിരുന്ന ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിനായി ഇക്കുറി നിരവധി നേതാക്കളാണ് രംഗത്തുള്ളത്. കെ.എസ് യു – യൂത്ത് കോണ്‍ഗ്രസ് നേത്യ നിരയിലായിരുന്ന ഷിയാസ് ഡി സി സി ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് എറണാകുളം ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായിരുന്ന ടി.ജെ വിനോദ് സ്ഥാനാര്‍ത്ഥി ആയതോടെ ജില്ലാ പ്രസിഡന്റിന്റെ ചുമതല നിര്‍വ്വഹിച്ചു. അടുത്തിടെ പ്രസിഡന്റ് സ്ഥാനത്തെത്തിയ ശേഷം ജില്ലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞ ഷിയാസിനു സീറ്റുറപ്പിക്കാനായി കെപിസിസി ഉന്നതനടക്കം രംഗത്തുണ്ട്. മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസും നോട്ടമിടുന്നുണ്ട് തൃക്കാക്കരയേ, പ്രായാധിക്യം തോമസ് മാഷിന് വിനയാകുമ്പോള്‍ ഒഴിവ് വന്ന വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് മാഷിനെ പരിഹരിച്ചേക്കുവാനാണ് സാധ്യത. മറ്റൊരു കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തിമേരി വര്‍ഗീസും സീറ്റിനായി നെട്ടോട്ടത്തിലാണ്. എഐസിസിയിലെ പ്രമുഖരുടെ ഒത്താശ്ശയും ദീപ്തിക്കുണ്ട്.
ഉമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കേണ്ട പ്രധാനികള്‍ ഉമയും പിടിയുടെ കുടുംബവും തന്നെയാണ്. അവര്‍ തയ്യാറായാല്‍ തൃക്കാക്കര കയറാന്‍ കോണ്ഗ്രസിനെളുപ്പമാവും. അവര്‍ നോപറഞ്ഞാല് സീറ്റുമോഹികളായശേഷം നഷ്ടമാകുന്നവരുടെ പാരപണികളെ അതിജീവിക്കുക കോണ്‍ഗ്രസിന് പ്രയാസമാകും. തൃക്കാക്കര നഷ്ടമായാല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകുമെന്നുറപ്പുള്ളതിനാല് ഗ്രൂപ്പു പരിഗണനക്കുമപ്പുറം വിജയസാധ്യതക്കാണ് മുന്‍ തൂക്കം നല്‍കുകയെന്ന് പ്രമുഖനേതാവ് രാഷ്ട്രദീപത്തോട് പറഞ്ഞു.