കൊച്ചി: മനോരമ ന്യൂസ് ചാനലിന്റെ പറവൂരിലെ റിപ്പോർട്ടർ കെ ഒ ബാബുക്കുട്ടന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ വ്യാപക പ്രതിേധം. സംഭവത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു.
ശബരിമല സീസണായതോടെ ശർക്കരയിൽ വ്യാപകമായി മായം ചേർക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗം പറവൂർ മാർക്കറ്റിൽ നടത്തിയ പരിശോധനയുടെ വാർത്ത ശേഖരിക്കാനായി എത്തിയപ്പോഴാണ് ബാബുക്കുട്ടനെതിരെ അക്രമണം നടന്നത്. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന ദൃശ്യങ്ങൾ ബാബുക്കുട്ടൻ ചിത്രികരിച്ചതോടെയാണ് കച്ചവടക്കാരെ ചൊടിപ്പിച്ചത്. ഇതോടെ ഇവർ ബാബുക്കുട്ടന്റെ ക്യാമറ പിടിച്ചു വാങ്ങി നശിപ്പിക്കുകയും ബാബു കുട്ടനെ ക്രൂരമായി മർദ്ദിയ്ക്കുകയുമായിരുന്നു.ക്യാമറ നഷ്ടപ്പെട്ട ബാബുക്കുട്ടന്റെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. ബാബു പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിന് സാഹചര്യം സൃഷ്ടിക്കണമെന്നും കെ ജെ യു ജില്ലാ പ്രസിഡൻറ് എം എ ഷാജി ജില്ലാ സെക്രട്ടറി ബോബൻ ബി കിഴക്കേത്തറ എന്നിവർ ആവശ്യപ്പെട്ടു.


