ആലുവാ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ചികിത്സ കിട്ടാതെ രോഗി ആംബുലൻസിൽ വച്ച് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംഭവത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസും ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആലുവ പുളിഞ്ചുവട്ടിലെ ഫ്ളാറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാരൻ പറവൂർ സ്വദേശി വിജയനാണ് മരിച്ചത്. പനിയെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകി. ഒരു മണിക്കൂറോളം രോഗിയെ ആശുപത്രി ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്നാണ് ആബുലൻസ് ഡ്രൈവറുൾപ്പെടെ പരാതി ഉന്നയിച്ചത്.

