മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പള്ളിപ്പടിയില്‍ പട്ടാപകല്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് രണ്ടുലക്ഷത്തോളം രൂപയും അഞ്ച് പവന് സ്വര്‍ണവും മോഷ്ടിച്ച ആളെ മുവാറ്റുപുഴ പോലീസ് അറസ്സ് ചെയ്തു. കോതമംഗലം കോട്ടപ്പടി ചെറങ്ങനാല്‍ ഭാഗത്ത് നിന്ന് ഇപ്പോള്‍ കീരമ്പാറ പഞ്ചായത്ത് പുന്നെക്കാട് കരയില്‍ കൃഷ്ണപുരം കോളനിയില്‍ പരുത്തലില്‍ വീട്ടില്‍ താമസിക്കുന്ന 45 രാജന് രാജമ്മയെയാണ് എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ ഐപിഎസിന്റെ മേല്‍ നിര്‍ദേശനുസരണം മുവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പേഴക്കാപ്പിള്ളി പള്ളിപ്പടിയില്‍ പട്ടാപകല്‍ വീട്ടില്‍ ആള് ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കടന്ന് അലമാരയില്‍ സൂക്ഷിച്ചു വന്നിരുന്ന രണ്ടുലക്ഷത്തോളം രൂപയും 5 പവന് സ്വര്‍ണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതിക്ക് ഏറ്റുമാനൂര്‍, കുറവിലങ്കാട്, പോത്താനിക്കാട്, ഊന്നുകല്‍, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിരവധി മോഷണ, പിടിച്ചുപറി കേസുകള്‍ നിലവില്‍ ഉണ്ട്. പ്രതി വില്‍പ്പന നടത്തിയ മോഷണസ്വര്‍ണം പോലീസ് കണ്ടെടുത്തു. ആഡംബര ജീവിതത്തിനും വിവിധ സ്ഥലങ്ങളിലെ സുഹൃത്തുക്കള്‍ക്കും ഒപ്പം കഴിയാന്‍ ആണ് മോഷണം നടത്തിവന്നിരുന്നത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ഹോണ്ട ഡിയോ സ്കൂട്ടറില്‍ സഞ്ചരിച്ചുകൊണ്ട് പെയിന്റിംഗ് പോലെ വിവിധ നിര്‍മാണപണികള്‍ നടക്കുന്ന വര്‍ക്ക്സൈറ്റുകള്‍ കേന്ദ്രീകരിച്ച് തൊഴിലാളികളെ പോലെ നടന്ന് അതിന്റെ മറവില്‍ ആണ് പ്രതി മോഷണം നടത്തിവന്നിരുന്നത്. മുവാറ്റുപുഴ പള്ളിപ്പടിയില്‍ ഗൃഹനാഥന് വീട് പൂട്ടി താക്കോല്‍ വീടിന്റെ പിറകില്‍ പിന്‍വശത്ത് സൂക്ഷിച്ചുവച്ചിരുന്നത് കണ്ടെത്തി താക്കോല്‍ ഇട്ടു വാതില്‍ തുറന്നാണ് മോഷണം നടത്തിയത്.
സമീപത്തെ 50 ഓളം സിസിടീവി ക്യാമറകള്‍ പരിശോധിച്ചും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ രഹസ്യമായി നിരീക്ഷിച്ചതിനു ശേഷം തിരിച്ചറിഞ്ഞ പ്രതിയെ ആഴ്ചകളോളം രഹസ്യമായി നിരീക്ഷണം നടത്തിയാണ് പോലീസ് സംഘം പിടികൂടിയത്. പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ എസ്ഐമാരായ മാഹിന്‍ സലിം,കെ എസ് ജയന്,രാജേഷ് കെ കെ, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ജോജി പി എസ്, ജയകുമാര്‍ പി സി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിബില്‍ മോഹന്‍ എന്നിവര്‍ ഉണ്ടായിരുന്നു. വൈദ്യ പരിശോധനകള്‍ക്കുശേഷം പ്രതിയെ മുവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


