മൂവാറ്റുപുഴ :പായിപ്ര കവലയില്‍ മാരകായുധങ്ങളുമായി രണ്ട് യുവാക്കളുടെ പോര്‍വിളിയും ഏറ്റുമുട്ടലും. അസഭ്യവര്ഷത്തിനൊടുവില് ഒരാള്‍ ൈകയില്‍ കരുതിയിരുന്ന നീളംകൂടിയ വെട്ടുകത്തിയും മറ്റെയാള്‍ ഇരുമ്പുവടിയും പുറത്തെടുത്തു. നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയാണ് വടിവാളും ഇരുമ്പുവടിയുമായി യുവാക്കള്‍ ഏറ്റുമുട്ടിയത്. നിരവധികേസുകളിലെ പ്രതികളാണ് പരസ്പരം ഏറ്റുമുട്ടിയത്.
ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഈ യുവാക്കള്‍ തമ്മില്‍ തര്‍ക്കം മൂത്ത് ഒരാള്‍ ഇരുമ്പ് ദണ്ഡുമായി അടിക്കാനൊരുങ്ങിയതോടെ മറ്റെയാള്‍ കത്തിവീശി. ഇതോടെ ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന വിദ്യാര്‍ഥികളടക്കം ഭയന്നു നിലവിളിച്ചു.
ജനങ്ങള്‍ സംഘടിച്ചതോടെ ഒരാളെ അയാളുടെ കൂടെയുണ്ടായിരുന്നയാള്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചു. ഇതിനിടെ മറ്റെയാള്‍ കൊലവിളി മുഴക്കി കത്തിയുമായി പിറകെ ഓടിയടുത്തു. പായിപ്ര കവല മുതല്‍ കോളേജിലേക്ക് റോഡ് തിരിയുന്നിടം വരെ ഇയാള്‍ കത്തിവീശി പിറകെ ഓടി. തിരിച്ചെത്തിയ ഇയാളെ കൂടെയുണ്ടായിരുന്നയാള്‍ ബൈക്കില്‍ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റെയാളും ഇതിനിടെ ബൈക്കില്‍ കൂട്ടാളിക്കൊപ്പം രക്ഷപ്പെട്ടിരുന്നു.
ആദ്യമായാണ് കവലയില്‍ ഇത്തരം സംഭവമുണ്ടാകുന്നത്. അതിനാല്‍ത്തന്നെ ആളുകള്‍ വല്ലാതെ ഭയന്നു. പെട്ടെന്നുതന്നെ ആളുകള്‍ തടിച്ചുകൂടുകയും ചെയ്തു. ഇതോടെ എം.സി. റോഡ് സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ജനങ്ങളെ നിയന്ത്രിച്ചത്. കൊലവിളി മുഴക്കിയവരെകുറിച്ച് നാട്ടുകാര്‍ പോലീസിന് വിവരം നല്കി. അക്രമികളെ പൊലിസ് തിരയുന്നുണ്ട്.