കൊച്ചി:മില്ലറ്റ് ഫെസ്റ്റ് 2023 : പ്രദര്‍ശന വിപണന മേള 29ന് തുടങ്ങും , ഹൈബി ഈഡന് എംപി ഉദ്ഘാടനം നിര്‍വഹിക്കും.അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആകാശവാണി കൊച്ചി എഫ്.എം, കുടുംബശ്രീ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മില്ലറ്റ് ഫെസ്റ്റിന് നവംബര്‍ 29ന് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെ മൂന്ന് ദിവസങ്ങളിലായി വിപുലമായ കലാസാംസ്കാരിക പരിപാടികളോടെയാണ് പ്രദര്‍ശന വിപണനമേള നടക്കുന്നത്. നവംബര്‍ 29ന് രാവിലെ 10:30ന് ചെറു ധാന്യങ്ങള്‍ – പ്രസക്തിയും സാധ്യതകളും എന്ന വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഡോ. കെ.വി സുമയ്യ സെമിനാര്‍ നടത്തും. തുടര്‍ന്ന് അട്ടപ്പാടി ചെറുധാന്യ എഫ്. പി. ഒ, ചിന്നാര്‍ ചെറുധാന്യ കര്‍ഷക കൂട്ടായ്മ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. വൈകിട്ട് നാലു മുതല്‍ അട്ടപ്പാടി ആദിവാസി കലാ സംഘത്തിന്റെ ഗോത്ര ഗീതവും വൈകിട്ട് ആറുമുതല്‍ ശിവരഞ്ജിനി പറവൂര്‍ അവതരിപ്പിക്കുന്ന കൈകൊട്ടികളിയും അരങ്ങേറും.
രണ്ടാം ദിവസം നവംബര്‍ 30ന് രാവിലെ 9.30ന് ഹൈബി ഈഡന് എം.പി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ഗായിക നഞ്ചിയമ്മ മുഖ്യാതിഥിയാകും. പ്രദര്‍ശനമേളയുടെ ഉദ്ഘാടനം തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം പദ്ധതി വിശദീകരണം നടത്തും. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
ഉദ്ഘാടനത്തിനുശേഷം രാവിലെ 11ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ഷിക പ്രശ്നോത്തരി മത്സരം, മാജിക് ഷോ, മില്ലറ്റ് വിഭവങ്ങളുടെ പാചക മത്സരം എന്നിവ നടക്കും. തുടര്‍ന്ന് കോട്ടുവള്ളി കൃഷിഭവന് ടീം, പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ സൗഹൃദയ സോഷ്യല്‍ വെല്‍ഫയര്‍ സെന്റര്‍, മില്ലറ്റ് സംരംഭക ബിന്ദു ഗൗരി തുടങ്ങിയവര്‍ ചെറു ധാന്യ കൃഷിയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. വൈകിട്ട് ആറു മുതല്‍ പ്രശസ്ത കായിക നാഞ്ചിയമ്മ നയിക്കുന്ന ഗാനസന്ധ്യ ണ്ടായിരിക്കും.
മൂന്നാം ദിവസം ഡിസംബര്‍ ഒന്നിന് രാവിലെ 9.30 മുതല്‍ വനിതകള്‍ക്കായി മില്ലറ്റ് വിഭവങ്ങളുടെ പാചക മത്സരം നടക്കും. തുടര്‍ന്ന് കാന്തല്ലൂര്‍ ചെറുധാന്യ കര്‍ഷക കൂട്ടായ്മ, കര്‍ഷകരുടെയും അനുഭവം പങ്ക് വെയ്ക്കും.ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മില്ലറ്റും ആരോഗ്യവും എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് ഡോ. മുംതാസ് അവതരണം നടത്തും. വൈകിട്ട് നാലിന് സമ്മേളനം .
തൃക്കാക്കര ഓപ്പണ്‍ സ്റ്റേജ്, തൃക്കാക്കര കമ്മ്യൂണിറ്റി ഹാള്‍, പ്രിയദര്‍ശിനി ഹാള്‍ എന്നിവിടങ്ങളിലായി മില്ലെറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ പണ്ട് ധാരാളമായി കൃഷി ചെയ്തിരുന്നതും പോഷക ഗുണങ്ങളാല്‍ സമൃദ്ധമായ ചെറുധാന്യങ്ങളെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാര്‍, സൗഹൃദയ ഡയറക്ടര്‍ ജോസ് കൊളുത്തുവേലി, ജൈവരാജ്യം മനോജ് വലിയ പുരക്കല്‍, ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ് എം. എം അബ്ബാസ്,കൊച്ചി എഫ്. എം പ്രതിനിധി ബാല നാരായണന്, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, കോട്ടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷിനു തുടങ്ങിയവര്‍ പങ്കെടുത്തു.