കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുൻ സിപിഐ നേതാവ് എന്‍.ഭാസുരാംഗൻ ആശുപത്രിയില്‍. നെഞ്ചുവേദന മൂലമാണ് ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇസിജിയില്‍ നേരിയ വ്യത്യാസം ഉണ്ടെന്നാണ് വിവരം. ഭാസുരാംഗന് ചികിത്സ ഉറപ്പാക്കുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതി വെള്ളിയാഴ്ച ഭാസുരാംഗനെ ഡിസംബര്‍ അഞ്ച് വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായിട്ടുള്ള ആളാണെന്നും ഹൃദ്രോഗത്തിന് ചികിത്സ ആവശ്യമുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്നവരുടെ സ്ഥിരം തന്ത്രമാണിതെന്ന് ഇഡി കോടതിയില്‍ വാദിച്ചു.
ചികിത്സാരേഖകള്‍ പരിശോധിച്ചശേഷം ഭാസുരാംഗനെ കോടതി ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ജയില്‍ ചട്ടങ്ങള്‍ പ്രകാരമുള്ള ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.


