പറവൂര്‍: പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം സന്ദര്‍ശിച്ച് യുഎന്‍ പ്രതിനിധികള്‍. പറവൂര്‍ എംഎല്‍എ വി.ഡി സതീശന് സംഘത്തിന് നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ നല്കി. ചേന്ദമംഗലം വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. പഞ്ചായത്തിലെ 18 വാര്‍ഡുകളും പൂര്‍ണമായും പ്രളയബാധിതമാണെന്ന് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി അനൂപ് പറഞ്ഞു. വില്ലേജ് ഓഫീസര്‍ ശ്രീദത്ത് എം.എ ഓഫീസിന് സംഭവിച്ച നഷ്ടങ്ങളെപ്പറ്റി വിശദീകരിച്ചു. മൂന്ന് കമ്പ്യൂട്ടറുകളും രണ്ട് പ്രിന്റുകളുമാണ് പ്രളയത്തില്‍ വില്ലേജിന് നഷ്ടമായത്. ഫയലുകളെല്ലാം നനഞ്ഞ് ഓഫീസിന് പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പ്രളയ ബാധിതര്‍ക്കുള്ള ധനസഹായ വിതരണത്തെ പറ്റിയും യുഎന്‍ പ്രതിനിധികള്‍ അന്വേഷിച്ചു. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ചേന്ദമംഗലം പഞ്ചായത്ത് ഓഫീസിന് ഉണ്ടായത്. ഫര്‍ണിച്ചറുകള്‍, സോളാര്‍, ജനറേറ്ററുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. റണ്ണിംഗ് ഫയലുകള്‍ എല്ലാം തന്നെ നഷ്ടമായി. ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ താല്‍ക്കാലികമായി നടക്കുന്നത് പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിലാണ്. കാര്‍ഷിക വികസന ക്ഷേമവകുപ്പ് സ്ഥാപനമായ കേരള ഓര്‍ഗാനിക് ഇക്കോ ഷോപ്പും സംഘം സന്ദര്‍ശിച്ചു. യുഎന്‍ വിദഗ്ധ സംഘത്തില്‍ ഉള്‍പ്പെട്ട റിട്ട. അഡീഷണല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ചീഫ് ഡോ. വി സന്തോഷ് എന്നിവരാണ് സന്ദര്‍ശനത്തിന് എത്തിയത്.

