മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വോയ്സ് ഓഫ് കൊച്ചി എന്ന വാട്സ് ആപ് കൂട്ടായ്മയില്‍ സ്വരൂപിച്ച ഒരു ലക്ഷം രൂപ കൈമാറി. ഗ്രൂപ്പിലെ 200 ലധികം അംഗങ്ങള്‍ നല്കിയ തുകയുടെ ആദ്യ ഗഡു വിന്റെ ചെക്കാണ് ഇന്നലെ കളക്ടര്‍ എസ്.സുഹാസിന് നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കലാകാരന്മാര്, ബിസിനസുകാര്‍ തുടങ്ങി
കൊച്ചിയിലെ നിരവധി പേര് ചേര്‍ന്നാണ് 2017ല്‍ വോയ്സ് ഓഫ് കൊച്ചി എന്ന വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചത്. 2018 ലെ പ്രളയത്തില്‍ സന്നദ്ധ പ്രവര്‍ത്തകരായും അല്ലാതെയും ഗ്രൂപ്പിലെ അംഗങ്ങള്‍ പൊതുജന സേവനം നടത്തിയിരുന്നു.
ഗ്രൂപ്പ് അംഗമായിരുന്ന അന്തരിച്ച ചലച്ചിത്ര സംവിധായകന് ദീപന്റെ ഓര്‍മ്മക്കായി ചലച്ചിത്ര മേളയും കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് അംഗങ്ങള്‍ അറിയിച്ചു. ഗ്രൂപ്പ് അഡ്മിന് സോഹന്‍ സീനുലാല്‍, ഡോ.ശശികാന്ത് ആയുര്‍മഠം , സി.എ.സുധീര്‍, എം.എ.മുസ്തഫ, പി.ആര്. റെനീഷ്, എം.പത്മകുമാര്‍, എന്‍.അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.


