സന്തോഷ് കിഴകൊമ്പ്
കൂത്താട്ടുകുളം: പതിറ്റാണ്ടുകൾക്കു മുമ്പ് നാട്ടിലെ കർഷകർക്കും, വഴിയാത്രക്കാരായ അയൽദേശകാർക്കും അത്താണിയായിരുന്ന ചുമടുതാങ്ങി കാക്കൂർ ഗ്രാമീണ വായനശാല നേതൃത്വത്തിൽ പുന:സ്ഥാപിച്ചു.
അത്താണികളേക്കുറിച്ച്
ചരിത്ര പഠനത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾ വായനശാലയിൽ നടത്തിയ അന്വേഷണമാണ് ചരിത്ര ശേഷിപ്പിന്റെ കണ്ടെത്തലിനും പുന:സ്ഥാപനത്തിനും പ്രേരണയായത്. കാൽനടയായി സാധനങ്ങൾ ചുമന്നു കൊണ്ടു പോയിരുന്ന ആളുകൾക്ക് വിശ്രമിക്കാനും, പരസഹായം കൂടാതെ ചുമട് ഇറക്കിവയ്ക്കാനും, തിരികെ തലയിലേറ്റാനുമാണ് അത്താണിയെന്നും ചുമടുതാങ്ങികളെന്നും അറിയപ്പെടുന്ന
ഇത്തരം നിർമ്മാണങ്ങൾ നടത്തിയിരുന്നത്.
കുത്തി നിർത്തുന്ന വീതിയുള്ള രണ്ട് കരിങ്കൽ തൂണുകൾക്കു മുകളിൽ മറ്റൊരു കരിങ്കൽ തൂൺ എടുത്തു വച്ചാണ് അത്താണികൾ നിർമ്മിക്കുന്നത്. ചുവട്ടിൽ ഇരിക്കാനായി ബെഞ്ചു പോലെ ഒരു കരിങ്കൽ പാളിയും ഉണ്ടാകും. എപ്പോഴും വെള്ളം കിട്ടുന്ന പ്രദേശവും ,വ്യാപാര സ്ഥാപനങ്ങൾ ഉള്ള സ്ഥലവുമാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത് , പണ്ട് എറണാകുളത്തുനിന്നും തൊടുപുഴ ,പാല, തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവർക്കുള്ള പ്രധാന പാതയായിരുന്നു ഇത്.
എല്ലാ കവലകളിലും ഇത്തരം അത്താണിക്കല്ലുകൾ ഉണ്ടായിരുന്നു. കാക്കൂരിൽ കൂരാപ്പിള്ളി കുരിശ്, അമ്പലപ്പടി, ടെക്നോ ലോഡ്ജ് എതിർവശം എന്നിവിടങ്ങളിൽ ഇത്തരം അത്താണികൾ ഉണ്ടായിരുന്നതായി പഴമക്കാർ പറഞ്ഞു. ഒന്നര മാസം നടത്തിയ അന്വേഷണത്തിനൊടുവിൽ ഭൂമിക്കടിയിൽ നിന്നാണ് ഒരു അത്താണി വീണ്ടെടുത്തത്.തിരുമാറാടി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷൻ കെ.ആർ.പ്രകാശ് , വായനശാല പ്രസിഡന്റ് കെ.പി. അനീഷ് കുമാർ, സെക്രട്ടറി വർഗീസ് മാണി,വി.കെ ശശിധരൻ, എസ് സതീഷ്, പി.കെ പ്രസാദ്, ബീന ജോസ്, എന്നിവരുടെ നേതൃത്വത്തിൽ ഇത് ഗ്രാമീണ വായനശാലക്കു സമീപം പുന:സ്ഥാപിച്ചു. സ്ഥാപിച്ച കുടുംബത്തിന്റെ പേരുൾപ്പെടെ പഴയ ലിപിയിൽ ഏതാനും എഴുത്തുകൾ വീണ്ടെടുത്ത കല്ലുകളിൽ കൊത്തിയിട്ടുണ്ട്.
പുതുതലമുറക്ക് സ്മരണീയമാക്കാൻ ചരിത്ര സെമിനാർ ഉൾപ്പെടെ നടത്തി അത്താണികൾ വീണ്ടും നാടിനു സമർപ്പിക്കാനൊരുങ്ങുകയാണ് കാക്കുരിലെ വായനശാല പ്രവർത്തകർ.


