മൂവാറ്റുപുഴ: മൂവാറ്റുപുഴയാറും, നെല്‍വയലുകളും, തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്കി മൂവാറ്റുപുഴ നഗരസഭയുടെ ഗ്രീന്‍ ബജറ്റ്. 33,42,57,582-രൂപ വരവും, 32,76,91,432-രൂപ ചിലവും 65,66,100-രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2018-19 ലെ ബജറ്റ് വൈസ് ചെയര്മാന് പി.കെ.ബാബുരാജ് അവതരിപ്പിച്ചു.
പരിസ്ഥിതിയെ മനുഷ്യന് കടന്നാക്രമിക്കുകയും, ലോകമെമ്പാടും അതുവഴി കടുത്ത പാരിസ്ഥിതീക പ്രശ്നം നേരിടുകയാണ്. നാട്ടിലെ പച്ചപ്പ് അന്യമാകുകയും, പ്രകൃതി ക്ഷോഭങ്ങള്‍ നാടിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുകയും, കുടിവെള്ളം കിട്ടാകനിയാകുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കിയാണ് ഗ്രീന്‍ ബജറ്റ് അവതരിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലും, പൊതുജനപങ്കാളിത്തത്തോടെ വഴിയോരങ്ങളിലും മുളങ്കാട് വച്ച് പിടിപ്പിക്കുന്ന ബ്രഹത്തായ പദ്ധതിയ്ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും, തണ്ണീര്‍ത്തടങ്ങള്‍ നിലനിര്‍ത്തുന്നതിനും മൂവാറ്റുപുഴ ഡ്രീംലാന്‍ഡ് പാര്‍ക്ക് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നവീകരിക്കുന്നതിനും ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഏതൊരു ജനവിഭാഗത്തിന്റെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് സുരക്ഷിത ഭവനം. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്വന്തമായി വീട് എന്നത് സ്വപ്നമായി അവശേഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി 850-വീടുകള്‍ നിര്‍മിച്ച് നല്‍കേണ്ടതുണ്ട്. ഈവര്‍ഷം 110-വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് ഒന്നര കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സ്ത്രീ സൗഹൃദ നഗരസഭയുടെ ഭാഗമായി ഷീ ലോഡ്ജ് സ്ഥാപിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആര്.ടി.സി.ജംഗ്ഷനില്‍ ടൗണ്‍ ഹാളും, ആശ്രമം ബസ്റ്റാന്റിന് സമീപം ഷോപ്പിംഗ് മാളും, ലതാ പാലത്തിന് സമീപം ബഹുനില വാണിജ്യ മന്ദിരവും നിര്‍മിക്കും. കാവുംങ്കരയിലെ പൂട്ടികിടക്കുന്ന അറവുശാല കമ്മയൂണിറ്റി ഹാളാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും.കെ.എസ്.ആര്.ടി.സി. ജംഗ്ഷനിലും, കാവുംങ്കരയിലും പൊതുഹാളുകള്‍ പൂര്‍ത്തിയാകുന്നതോടെ നഗരവാസികള്‍ക്ക് പൊതുപരിപാടികള്‍ നടത്തുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കും. പി.പി.എസ്തോസ് സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
കെ.എം.ജോര്‍ജ് ടൗണ്‍ ഹാളിന്റെ നവീകരണത്തിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. നഗരസഭാ ഡ്രീംലാന്‍ഡ് പാര്‍ക്കിനോടനുബന്ധിച്ച് ആധുനീക സൗകര്യങ്ങളോടുകൂടിയ മുനിസിപ്പല്‍ ലൈബ്രറിയും, സാംസ്കാരിക നിലയം സ്ഥാപിക്കും. ഇതിനായി എം.എല്‍.എ, ടൂറിസം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തും. ഇത് പൂര്‍ത്തിയാകുന്നതോടെ വിനോദ കേന്ദ്രം എന്നതിലുപരി വിജ്ഞാന കേന്ദ്രം കൂടിയായി പാര്‍ക്ക് മാറും. വൃദ്ധ ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി നഗരസഭാ നടപ്പാക്കി വരുന്ന വയോമിത്രം പദ്ധതി തുടരും. നഗരത്തിലെ മുഴുവന്‍ വയോധികര്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ പദ്ധതി വിപുലീകരിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഒരു ഓപ്പറേഷന് തിയേറ്റര്‍ പണിയുന്നതിന് നടപടി സ്വീകരിക്കും. നഗരസഭയുടെ ക്രിമറ്റോറിയത്തില്‍ ഒരു ഗ്യാസ് ചേമ്പര്‍ കൂടി സ്ഥാപിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മൂവാറ്റുപുഴ നഗരസൗന്ദര്യത്തിന്റെ ഭാഗമായി ഫുട്പാത്തുകള്‍ നവീകരിക്കും. പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും. നടപ്പാതയുടെ സൈഡില്‍ വേലികള്‍ തീര്‍ത്ത് മനോഹരമാക്കും, ഫുട്പാത്തുകള്‍ പൂര്‍ണ്ണമായും കാല്‍നടയാത്രക്കാര്‍ക്ക് പ്രയോജനപ്രദമാക്കും, നഗരത്തിലെ പ്രധാന ജംഗ്ഷനുകള്‍ ആകര്‍ഷകമായ തരത്തില്‍ നവീകരിക്കുന്നതിന് സ്പോണ്‍സര്‍മാരെ കണ്ടെത്തി ഇവരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.
നഗരസഭയിലെ റോഡുകളിലെ വളവുകളില്‍ കണ്ണാടി സ്ഥാപിക്കുന്നതിനും, മാലിന്യ നിര്‍മ്മാര്‍ജനത്തിനും, സംസ്കരണത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 2.24-കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നഗരസഭാ ഓഫീസിലും, നഗരത്തിലും സി.സി.ടി.വി.ക്യാമറകള്‍ ക്യാസ്ഥാപിക്കും. പൗരാവകാശ രേഖ, സേവനവകാശ രേഖ, എന്നിവ പ്രസിദ്ധീകരിക്കും. സേവാഗ്രാം പദ്ധതി നടപ്പാക്കും. നെല്‍കൃഷി വികസനം, ഫലവൃക്ഷതൈ വിതരണം, പമ്പ് സെറ്റ്, പച്ചക്കറി കൃഷി വികസനം, ഗ്രോബാഗ് വിതരണം, കറവ പശുക്കള്‍ക്ക് കാലിത്തീറ്റ, പശുവളര്‍ത്തല്‍, ധനസഹായം, കോഴിക്കൂട്ടം, തെരുവ് നായ നി.ന്ത്രണം എന്നിവയ്ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ജീവിത ശൈലി രോഗനിര്‍ണ്ണയത്തിന് മൊബൈല്‍ യൂണിറ്റിന്റെ സേവനം ലഭ്യമാക്കും. സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് പശുവളര്‍ത്തലിന് ധനസഹായം, പട്ടികജാതി വിഭാഗങ്ങളുടെ വീട് വാസയോഗ്യമാക്കുന്നതിനും, പകല്‍ വീട്, അഗതി, ആശ്രയ പദ്ധതികള്‍ വിപുലീകരിക്കുന്നതിനും, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ഭിന്നശേഷിയുള്ളവര്‍ക്ക് വാഹനം നല്‍കുന്നതിനും, അംഗനവാടികല് നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനും, പൂരക പോശകാഹാര പദ്ധതിയ്ക്കും, വിധവകളുടെ പെണ്മക്കളുടെ വിവാഹ ധനസഹായത്തിനും, വനിതകള്‍ക്ക് സ്വയം തൊഴിലിനും, ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ശുചിത്വ മാലിന്യ സംസ്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിക്തികള്‍ക്ക് ബയോഗ്യാസ് പ്ലാന്റ്, ബയോബിന്‍, സ്കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ്, ഡംപിംഗ് യാര്‍ഡ് നവീകരണത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭയിലെ സ്കൂളുകളുടെ നവീകരണത്തിനും, എല്ലാ വാര്‍ഡുകളിലും കുടിവെള്ള പൈപ്പ് ലൈനുകള്‍ നീട്ടുന്നതിനും, സ്ട്രീറ്റ് മെയിന്‍ ലൈനുകള്‍ വലിക്കുന്നതിനും, പട്ടികജാതി കുടുംബങ്ങള്‍ക്ക് പി.വി.സി വാട്ടര്‍ ടാങ്കുകള്‍ നല്‍കുന്നതിനും, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, കുടിവെള്ളം എല്ലാ പ്രദേശത്തും എത്തിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ബജറ്റ് യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിച്ചു.