മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ പ്രവർത്തനം നിലച്ച വിമുക്തി സെൻറർ തുറന്ന് നൽകണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. ലഹരിയിൽ നിന്ന് മുക്തി നൽകുന്നത് ലക്ഷ്യമിട്ട് 2018-ൽ ആണ് സെൻ്റർ ആരംഭിച്ചത്.3 വർഷം കൊണ്ട് സംസ്ഥാനത്തെ മികച്ച കേന്ദ്രമായി മാറിയ സ്ഥാപനം അഞ്ച് മാസത്തിലേറെയായി താഴിട്ട നിലയിലാണ്.15 പേർക്ക് ഒരേ സമയം കിടത്തി ചികിൽസ നൽകി വന്നതും ഇടുക്കി ‘എറണാകുളം ജില്ലകളിലെ നൂറ് കണക്കിനാളുകൾക്ക് സേവനം നൽകുകയും ചെയ്ത സ്ഥാപനം 3 വർഷം കൊണ്ട് 2500 പേർക്ക് ചികിൽസ നൽകി.
ആരോഗ്യ വകുപ്പും, എക്സൈസ് വകുപ്പും സംയുക്തമായിട്ടാണ് പ്രോജക്ട് ആരംഭിച്ചത്.പ്രവർത്തന മികവ് കൊണ്ട് സംസ്ഥാനത്തെ മികച്ച കേന്ദ്രമായി മാറിയ സ്ഥാപനത്തിൽ ഡോക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി വരുന്ന ശമ്പളവും മരുന്നിനുള്ള പണവും എക്സൈസ് വകുപ്പാണ് നൽകിയിരുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നത് നഗരസഭയും, സ്ഥാപനത്തിൻ്റെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലകൾ ആരോഗ്യ വകുപ്പുമാണ് നിർവ്വഹിച്ചിരുന്നത്.
ആശുപത്രി വികസന സമിതിയോ, നഗരസഭ യോ ഇക്കാര്യം ഗൗരവമായി എടുക്കുന്നില്ല. താൽക്കാലികമായി നിയമിച്ച ജീവനക്കാരെ പിരിച്ച് വിട്ടതാണ് പ്രവർത്തനം നിലച്ചതിന് കാരണമായി പറയുന്നത്. ജനറൽ ആശുപത്രിയിലെ ഡി അഡിക്ഷൻ സെൻറർ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അടിയന്തരമായി നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും, എക്സൈസ് വകുപ്പ് മന്ത്രിക്കും മുൻ എം.എൽ.എ.എൽദോ എബ്രഹാം കത്ത് നൽകി.


