മൂവാറ്റുപുഴ: സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പെരിയാര്‍വാലി എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യലയത്തില്‍ നേരിട്ടെത്തി നിവേദനം നല്കി ഇ എം ഷാജി. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നിന്നും വിജയിച്ച ഇ എം ഷാജി ഇന്നലെ സത്യപ്രതിജ്ഞ കഴിഞ്ഞ് നേരെ പോയത് പെരുമ്പാവൂരിലുള്ള പെരിയാര്‍വാലി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി വി ബൈജുവിനെ നേരില്‍ കണ്ട് പെരിയാര്‍ വാലി കനാലുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി അടിയന്തിരമായി കനാലുകളിലൂടെ വെള്ളം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി.
പായിപ്ര ഗ്രാമപഞ്ചായത്തില്‍ വേനല്‍ കനത്തതോടെ കിണറുകളും ചിറകളും പ്രധാന കുടിവെള്ള സ്രോതസുകളിലൊന്നായ മുളവൂര്‍ തോട് അടക്കം വറ്റിവരണ്ട് കൊണ്ടിരിക്കുകയാണ്. കനാലുകളില്‍ വെള്ളം തുറന്ന് വിടുന്നത് ഇനിയും വൈകിയാല്‍ പ്രദേശത്തെ ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. കാര്‍ഷീക മേഖലയായ പഞ്ചായത്തില്‍ ജലസേജനത്തിന് പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള തൃക്കളത്തൂര്‍, മുടവൂര്‍, ആട്ടായം, പെരുമറ്റം, മുളവൂര്‍ ബ്രാഞ്ച് കനാലുകളെയാണ് ആശ്രയിക്കുന്നത്.
വേനല്‍ ആരംഭത്തില്‍ തന്നെ കനാലുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചങ്കിലും പലസ്ഥലങ്ങളിലും ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. കനാലുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വെള്ളം തുറന്ന് വിടണമെന്ന് ഇ എം ഷാജി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ജനുവരി ആദ്യവാരം കനാലുകളില്‍ വെള്ളം തുറന്ന് വിടുമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയതായി ഇ എം ഷാജി പറഞ്ഞു.