കൊച്ചി: യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ കസ്റ്റഡിയിലായ നാല് പേരും യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തര്‍. ഇവരില്‍ നിന്ന് ഇരുപത്തിനാല് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷനെ കാണിച്ച് ഇത് വ്യാജമെന്ന് ഉറപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. എന്നാല്‍ പിടിയിലായവരുമായി വ്യക്തിപരമായി ബന്ധമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രാഹൂല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു. ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്നും ഹാക്കര്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് ആരോപിച്ച റഹിം തെളിവുണ്ടെങ്കില്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട അടൂരിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഭി വിക്രം, ബിനില്‍ ബിനു, ഫെനി നൈനാന്, വികാസ് കൃഷ്ണ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ അഭിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബിനിലിന്റെ ലാപ്ടോപില്‍ നിന്നുമായി 24 വോട്ടേഴ്സ് ഐ.ഡികള്‍ കണ്ടെടുത്തു. പത്തനംതിട്ടയിലെ മേല്‍വിലാസത്തിലുള്ളതാണ് കാര്ഡുകളിലധികവും. ഈ കാര്‍ഡുകള്‍ വാട്സപ്പ് മുഖേനെ ഇവര്‍ പരസ്പരം കൈമാറിയതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ടെടുത്ത കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കാണിച്ച് വ്യാജമാണെന്ന് ഉറപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. അടൂര്‍ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംശയനിഴലിലാണ്. അവരെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന് രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നുമാണ് യൂത്ത്കോണ്‍ഗ്രസ് നിലപാട്.