അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നിലയില്‍ നേരിയ പുരോഗതി. സംഭവത്തില്‍ അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസിനെ (40) പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 10 മാസങ്ങള്‍ക്ക് മുന്‍പാണ് കണ്ണൂര്‍ സ്വദേശിയായ ഷൈജു തോമസ് അങ്കമാലി പാലിയേക്കരയില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. നാട്ടുകാരോടൊന്നും മിണ്ടാത്ത പ്രകൃതക്കാരനായിരുന്നു ഷൈജു.
ഭാര്യയോടുള്ള സംശയവും, കുട്ടി തന്റേതല്ലെന്നും നവജാത ശിശു പെണ്കുട്ടിയാ യതുമൊക്കെയാണ് ഇയാളെ ഈ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. തലയ്ക്കടിച്ചും കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞും പ്രതി കുട്ടിയെ മര്‍ദനത്തിന് ഇടയാക്കിയിരുന്നു.
ഈ ക്രൂരതയ്ക്ക് ശേഷം കുട്ടിക്ക് ശ്വാസം മുട്ടും ഛര്‍ദിയുമാണെന്ന് പറഞ്ഞ് ഇയാള്‍ ഓട്ടോറിക്ഷ വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രി ഐസിയുവിലാണ് കുട്ടി കഴിയുന്നത്.


