കാക്കനാട് : മന്ത്രി വി. ശിവൻകുട്ടി കാക്കനാട് കേരള ബുക്ക്സ് ആൻ്റ് പബ്ലിഷിംഗ് സൊസൈറ്റി (കെ.ബി.പി.എസ്.) സന്ദർശിച്ചു. പാഠപുസ്തകങ്ങളുടെ അച്ചടി അദ്ദേഹം നേരിട്ട് വിലയിരുത്തി. 1, 3, 5, 7, 9 ക്ലാസുകളിൽ മാത്രമാണ് പുതിയ പാഠപുസ്തകം . മറ്റു ക്ലാസ്സുകളില്‍ മുന്‍ വര്‍ഷത്തെ പുസ്തകങ്ങള്‍ തന്നെയാണ്.
3.5 കോടിയിലധികം പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. പുതിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുൻപും പഴയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് ഒരു മാസം മുൻപും വിതരണം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കാൻ ചർച്ചയിൽ തീരുമാനമായി.
നിലവില്‍ 15ശതമാനം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തികരിച്ചിട്ടുണ്ട്.
മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും യൂണിയൻ നേതാക്കളുടെയും യോഗം ചേർന്നാണ് പാഠപുസ്തക അച്ചടി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ തവണ സമയത്ത് തന്നെ പുസ്തകം എത്തിക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ നേരത്തേ അച്ചടി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായുള്ള അധിക സൗകര്യങ്ങൾ മാനേജ്മെൻ്റ് ഒരുക്കും.
കേരളത്തിലെ പാoപുസ്തക പരിഷ്കരണം ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് പാഠ പുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾക്കൊള്ളിക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന കാലത്താണിതെന്നത് ശ്രദ്ധേയമാണ്. ഏകകണ്ഠമായാണ് കരിക്കുലം കമ്മിറ്റി പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതെന്നും മന്ത്രി പറഞ്ഞു.
2,4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പരിഷ്കരണം 2025 ജൂണിൽ യാഥാർഥ്യമാകുമെന്ന് എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാജഹാൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


