കൊച്ചി : എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോക സമാധാന ദിനമായി ആചരിക്കുന്നു. ആഗോളമായി വെടിനിര്‍ത്തലിന്റെയും അക്രമ രാഹിത്യത്തിന്റെയും ദിനമാണിത്. എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ഈ ദിനം ആചരിക്കുന്നത്. യുക്രൈന്-റഷ്യ സംഘര്‍ഷങ്ങളുടെയും വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ലോക സമാധാന ദിനം.
സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്. സമാധാനമാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ മുദ്രാവാക്യമെന്നും സമാധാനമാണ് നമ്മുടെ ദൗത്യമെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. ലോകരാജ്യങ്ങളിലെമ്പാടും സമാധാനം പുലരാനും യുദ്ധങ്ങളും അക്രമങ്ങളും ഒഴിവാക്കാനും ഈ ദിനത്തില്‍ യുഎന്‍ ആഹ്വാനം ചെയ്യുന്നു.

