മൂവാറ്റുപുഴ : പാര്‍പ്പിടത്തിനും കുടിവെള്ളത്തിനും വിനോദസഞ്ചാര വികസനത്തിനും മുന്‍തൂക്കം നല്കി മൂവാറ്റുപുഴ നഗരസഭയിലെ 2023- 24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അവതരിപ്പിച്ചു. 53, 50 ,800 രൂപ മുന്നിരുപ്പും 72, 57 ,40 ,117 രൂപ വരവും ഉള്‍പ്പെടെ 73, 10, 90, 917 രൂപ വരവും 72, 46, 45 ,917 രൂപ ചിലവും 64, 45, 000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റുമാണ് അവതരിപ്പിച്ചത്.
പി.പി. എസ്തോസ് സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം ആധുനിക വത്ക്കരിക്കുന്നതിന് 40 കോടി രൂപ ചെലവഴിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയവും നീന്തല്‍കുളം നിര്‍മ്മിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര പുഴയോരം ടൂറിസം പദ്ധതിക്ക് രൂപം നല്‍കും. ഡ്രീംലാന്റ് പാര്‍ക്കില്‍ നിന്നും മൂവാറ്റുപുഴ ആറിന് കുറുകെ തൂക്ക് പാലം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി. പുഴയോരം ടൂറിസം പദ്ധതിയുടെ ഭാഗമായി മൂവാറ്റപുഴയാറില്‍ ബോട്ട് സര്‍വ്വീസും ആരംഭിക്കും , കച്ചേരിതാഴത്ത് നിലവിലുള്ള പാലങ്ങള്‍ക്ക് സമാന്തരമായി പുതിയ പാലം നിര്‍മിക്കും. മുറിക്കല്‍ ബൈപ്പാസും, ജനശക്തി റോഡ് വീതി കൂട്ടി മിനി ബൈപാസും യാഥാര്‍ത്ഥ്യമാക്കും .ഭിന്നശേഷി കുട്ടികള്‍ക്കായി ബഡ്സ് സ്കൂള്‍ സ്ഥാപിക്കാന്‍ 20 ലക്ഷം രൂപയും വെള്ളൂര്‍കുന്നം പ്രീമെട്രിക് ഹോസ്റ്റല്‍ പുനര്‍ നിര്‍മിക്കുന്നതിന് 2 കോടി രൂപയും , ആവോലി പഞ്ചായത്ത് പതിനാലാം വാര്‍ഡും നഗരസഭ പതിനഞ്ചാം വാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കു പാലത്തിന്റെ സാധ്യത പരിശോധിക്കും.
ത്രിവേണി സംഗമത്തില്‍ വനിത വിശ്രമകേന്ദ്രം സ്ഥാപിക്കും. കുടുംബശ്രീക്ക് സ്ഥിരം വിപണന കേന്ദ്രം നിര്‍മിക്കും. നഗരത്തിലെ പഴയ ജലവിതരണക്കുഴല്‍ മാറ്റി പുതിയ സ്ഥാപിക്കുന്നതിന് 6.5 കോടി രൂപയുടെ അമൃത് പദ്ധതി നടപ്പാക്കും. ആധുനികരീതിയില്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കുന്നതിന് മൂന്ന് കോടി രൂപയും കുര്യന് മല മിനി സ്റ്റേഡിയം നിര്‍മ്മാണത്തിന് 70 ലക്ഷം രൂപയും വകയിരുത്തി. നെല്‍കൃഷി സബ്സിഡിക്ക് രണ്ടുലക്ഷവും മത്സ്യകൃഷിക്ക് രണ്ടുലക്ഷവും പുരയിട കൃഷി വികസനത്തിന് ആറരലക്ഷവും മൃഗ സംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 11, 28, 500 രൂപയും ദാരിദ്ര്യ ലഘൂകരണ ത്തിന്റെ ഭാഗമായി ആശ്രയ പദ്ധതിക്ക് മൂന്ന് ലക്ഷവും അതി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി രണ്ടുലക്ഷവും ബജറ്റില്‍ നീക്കിവെച്ചു. ലൈഫ്, പി.എം.എ.വൈ. ഭവന പദ്ധതികള്‍ക്കായി 1.86 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
നഗരസഭയുടെ ബജറ്റ് അവതരണത്തിന് മുന്നോടിയായി ബജറ്റ് നിര്‍ദേശങ്ങള്‍ അംഗീകരിയ്ക്കുക്കുന്നതിന് ചേര്‍ന്ന ധനകാര്യ സമിതി യോഗത്തില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാതെ പിരിഞ്ഞിരുന്നു. തന്മൂലം നഗരസഭ വൈസ് ചെയര്പേഴ്ണ് കൗണ്‍സില്‍ യോഗത്തില്‍ ഇത്തവണ ബജറ്റ് അവതരിപ്പിയ്ക്കാനാകുമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ചെയര്മാന് ബജറ്റ് അവതരിപ്പിച്ചത്.