കൊച്ചി: പ്രളയത്തെ തുടർന്ന് പ്രവർത്തനം അനിശ്ചിതാവസ്ഥയിലായ ഏലൂർ പ്രൈമറി ഹെൽത്ത് സെൻറർ ലോകബാങ്ക് സംഘം സന്ദർശിച്ച് തകരാറുകൾ വിലയിരുത്തി. പ്രളയ സമയത്ത് കെട്ടിടത്തിന്റെ സൺഷൈഡ് വരെ വെള്ളം പൊങ്ങുകയും ഉപകരണങ്ങൾ ഉൾപ്പെടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ മരുന്നുകളാണ് പ്രളയനന്തരം ഇവിടെ നശിച്ചത്. കൂടാതെ 20 ലക്ഷം രൂപയുടെ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.
നിലവിൽ കെട്ടിടം പ്രവർത്തനത്തിന് അനുയോജ്യമല്ലെെന്ന് മുൻസിപ്പൽ എൻജിനീയറുടെ പരിശോധനയിൽ പറയുന്നുണ്ട്. പുതിയ കെട്ടിടം നിർമ്മിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ ആവിശ്യപ്പെട്ടിരിക്കുന്നത്. ലോകബാങ്ക് സംഘം പി എച്ച്സി നിരീക്ഷിക്കുകയും അവശ്യമായ സഹായങ്ങൾ ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിമെന്നും ഉറപ്പ് നൽകി. നിലവിൽ കെട്ടിടം പുനർനിർമ്മിച്ച് പ്രവർത്തനം ആരംഭിക്കുന്നതിന് 5 കോടി രൂപയാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
പരിസരത്തെ നിരവധി സാധാരണക്കാരുടെ ആശ്രയകേന്ദ്രമായതിനാൽ നിലവിൽ പി എച്ച് സി യുടെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ലോകബാങ്ക് സംഘങ്ങളായ ലീഡ് എക്കണോമിസ്റ്റ് ദിലീപ് രത്ത, ലീഡ് അർബൻ സ്പെഷ്യലിസ്റ്റ് ബാലകൃഷ്ണ മേനോൻ, ജർമൻ ഡവലപ്മെന്റ് ബാങ്ക് പ്രതിനിധി ക്രിസ്റ്റിൻ എന്നിവർക്കൊപ്പം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷീലാ ദേവി, ഫോർട്ട് കൊച്ചി ആർഡിഒ എസ് ഷാജഹാൻ, പറവൂർ തഹസിൽദാർ ജി.എച്ച് ഹരീഷ്, അഡീഷണൽ ഡിഎംഒ എസ് ശ്രീദേവി, ഏലൂർ നഗരസഭ ചെയർപേഴ്സൺ സി പി ഉഷ എന്നിവരും ഉണ്ടായിരുന്നു.