മഴക്കാലത്തുണ്ടാകുന്ന കെടുതികള്‍ നേരിടാനായി എറണാകുളം ജില്ല ഒരുങ്ങി. ഇതിനായി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഭരണകുടം വിതരണം ചെയ്തു. എല്ലാ വില്ലേജുകളിലും ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് സഹായഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. മഴക്കോട്ടുകള്, ടോര്‍ച്ച്, കുടകള്‍, ഗംബൂട്ടുകള്‍ തുടങ്ങിയ സഹായഉപകരണങ്ങളാണ് ആദ്യഘട്ടത്തില്‍ വിവിധ ഓഫീസുകളില്‍ ലഭ്യമാക്കുന്നത്. വിവിധ റെവന്യൂ ഡിവിഷണല്‍ ഓഫീസുകളിലേക്കും താലൂക്കുകളിലേക്കുമായി 850 മഴക്കോട്ടുകള്, ഗം ബൂട്ടുകള്‍, 250 കുടകള്‍, 200 ടോര്ച്ചുകള് എന്നിവയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്.
വില്ലേജുകളില്‍ ചെറുവഞ്ചികള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്നും ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ സുസജ്ജമായ റെവന്യൂ സംവിധാനം ജില്ലയില്‍ ഒരുക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അപ്പോളോ ടയേഴ്സിന്റെ സഹായത്തോടെയാണ് ജീവനക്കാര്‍ക്കാവശ്യമായ സഹായഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്.
കളക്ട്രേറ്റില്‍ എ.ഡി.എം സാബു കെ. ഐസക്കിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് ജില്ലാ കളക്ടറില്‍ നിന്നും ആദ്യമായി സഹായ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് വിവിധ റെവന്യൂ ഡിവിഷണല്‍ ഓഫീസുകളിലേക്കും താലൂക്കുകളിലേക്കുമുള്ള ഉപകരണങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്, അപ്പോളോ ടയേഴ്സ് യൂണിറ്റ് മേധാവി കെ. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍. ആര് വൃന്ദാദേവി, പി. ബി സുനില്‍ ലാല്‍, അസി. കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ, റവന്യൂ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


