മൂവാറ്റുപുഴ:അവിഹിത ബന്ധം ഭാര്യയോട് വെളിപ്പെടുത്തിയ യുവാവിനെ 52 കാരനും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. തൃക്കാരിയൂര്‍ കുന്നയ്ക്കല്‍ ബിനോയി(45)ആണ് സുഹൃത്തുക്കളുടെ അക്രമണത്തില്‍ ക്കൊല്ലപ്പെട്ടത്.
16ന് വൈകിട്ട് 6 മണിയോടെ മൂവാറ്റുപുഴ പണ്ടപ്പിള്ളി മുല്ലപ്പിള്ളി കനാലിന് സമീപമാണ് സംഭവം. അവശനിലയില്‍ കണ്ടെത്തിയ ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു. സംഭവത്തോടനുബന്ധിച്ച് പണ്ടപ്പിള്ളീല് അച്ചക്കോട്ടില്‍ ജയന്(52),ഇയാളുടെ സുഹൃത്തുക്കളായ വടക്കേക്കര മാത്യു ഐസക് (35),പൈകയില്‍ ടോമി (53) എന്നിവരെ മൂവാറ്റുപുഴ എസ് ഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു.
കോതമംഗലത്ത് തൃക്കാരിയൂരില്‍ താമസിച്ചുവരുന്ന തന്റെ ഭാര്യയും ജയനും തമ്മിലുള്ള ബന്ധം ബിനോയി ഒരുമാസം മുമ്പ് ജയന്റെ ഭാര്യയെ
അറിയിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്താലാണ് ഇവര്‍ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഇയാളെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. നേരില്‍ കണ്ട് ചിലകാര്യങ്ങള്‍ സംസാരി്ക്കണമെന്നും വീട്ടിലേക്ക് വരുന്നുണ്ടെന്നും ബിനോയി, ജയനെ വിളിച്ച് അറിയിച്ചിരുന്നു. ഈ സമയം ഇരുവരും തമ്മിലുള്ള സംസാരം
വാദപ്രതിവാദത്തിന് കാരണമായിരുന്നെന്നും ഇതിന് പിന്നാലെ ജയന് വീട്ടില്‍ നിന്നും ബൊലീറോ ജീപ്പുമായി ഇറങ്ങിയെന്നും ഇയാളുടെ ഭാര്യ പൊലീസിന് മൊഴി നല്കി.
മൂവാറ്റുപുഴയിലേയ്ക്കുള്ള യാത്രയ്ക്കിടെ ജയന് ബിനോയിയെ കണ്ടെത്തി, സുഹൃത്തുക്കളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കനാലിന് സമീപത്തിട്ടും വാഹനത്തിലുമായി ബിനോയിയെ മൃഗീയമായി മൂവര്‍സംഘം മര്‍ദ്ദിക്കുകയായിരുന്നുവത്രെ.തുടര്‍ന്ന് ആളൊഴിഞ്ഞ പണ്ടപ്പിള്ളി ഭാഗത്തെത്തിച്ച് പ്രതികാരം തീര്‍ക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ജയന് മദ്യപിച്ചിരുന്നില്ല.എന്നാല്‍ കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേരും നന്നായി മദ്യപിച്ച നിലയിലായിരുന്നു. മര്‍ദ്ധനത്തില്‍ അവശനായ ബിനോയിയെ വാഹനത്തില്‍ നിന്നും 30 മീറ്ററോളം ദൂരം ഇവര്‍ വലിച്ചിഴച്ചു കൊണ്ടുപോയി നിലത്തിട്ട് ചവിട്ടിക്കൂട്ടുകയായിരുന്നു.ബിനോയിയുടെ തലയില്‍ മാരകമായി മുറിവേറ്റിരുന്നു.താന്‍ പത്തലിന് ബിനോയിയെ തല്ലിയതായി ജയന് പൊലീസിനോട് സമ്മതിച്ചു.
ഒരാളെ വാഹനത്തില്‍ നിന്നും പുറത്തേയ്ക്ക് തള്ളിയിട്ട് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടുവെന്ന് ഇതുവഴിയെത്തിയ നാട്ടുകാരിലൊരാള്‍ വിളിച്ചറിയിച്ചതോടെയാണ് പൊലീസ് വിവരം അറിയുന്നത് .തുടര്‍ന്നാണ് പൊലീസെത്തി ബിനോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ തന്നെ ആക്രമിച്ചവരെക്കുറിച്ച് ബിനോയി പൊലീസിന് വിവരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലാണ് രാത്രിയില്‍ തന്നേ പ്രതികള്‍ വലയിലായത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


