കോലഞ്ചേരി :
മേഖലയില്‍ മഴയോടൊപ്പം വീശിയ കാറ്റ് വ്യാപക നാശം വിതച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്.
കോലഞ്ചേരിക്ക് സമീപം കാരമോളേല് പീടികയില്‍ പട്ടിമറ്റം കോലഞ്ചേരി റോഡിലേയ്ക്ക് തെങ്ങ് മറിഞ്ഞ് വീണ് ഇരു ചക്ര വാഹന യാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു. പട്ടിമറ്റം ഭാഗത്തേയ്ക്ക് ബൈക്കില്‍ വരുന്നതിനിടെ പോഞ്ഞാശ്ശേരി മാറമ്പിള്ളിപറമ്പത്ത് ശ്യാം കൃഷ്ണന്(22) ഓടിച്ച ബൈക്കിനു മുകളിലേയ്ക്കാണ് തെങ്ങ് മറിഞ്ഞ് വീണ് പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
വടയമ്പാടി പത്താം മൈലില്‍ വലിയകുളങ്ങര വി ഐ പൗലോസിന്റെ വീടിനു മുകളിലേയ്ക്ക് മരം മറിഞ്ഞു വീണ് വീട് തകര്‍ന്നു. മഴുവന്നൂർ പഞ്ചായത്ത് വളയൻചിറങ്ങര വിമ്മലമോളത്ത് സതീഷ്കുമാറിന്റെ വീട്ടിലേക്ക് മരം മറിഞ്ഞ് വീണ് നാശനഷ്ടം ഉണ്ടായി. വിമ്മലസെറ്റിൽമെന്റ് കോളനിയിൽ വ്യാപകമായി മരം ഒടിഞ്ഞ് തകർന്നു. കടയിരുപ്പിനടുത്ത് വാലേത്ത് പടിയിലും, മൂശാരിപ്പടി ഇന്ദ്രാന്‍ ചിറക്കടുത്തും, ഡബിള്‍പാലം പൊത്താംകുഴിമല റോഡിലും മരം മറിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പുത്തൻകുരിശ് രജിസ്ട്രാർ ഓഫീസിന് സമീപവും ചൂണ്ടി -മിമ്പാറ റോഡിലുംമരം മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുത ലൈനുകളുടെ മുകളിലേയ്ക്ക് മരം മറിഞ്ഞ് വീണ് മേഖലയിൽ വൈദ്യുത വിതരണം പൂർണമായും തടസ്സപ്പെട്ടു.


