ആരോഗ്യപൂര്‍ണമായ സമൂഹത്തെ വാര്‍ത്തെടുക്കുക, ആരോഗ്യപരിപാലനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തില്‍ ഓപ്പണ്‍ ജിം പ്രവര്‍ത്തനം ആരംഭിച്ചു. വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളില്‍ നിന്ന് പൊതുജനങ്ങളെ മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വഴി 10 ലക്ഷം രൂപ വകയിരുത്തിയാണ് ജിമ്മിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു
ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ കെ.എച്ച് ഹംസ മെമ്മോറിയല്‍ ഹാളിന് മുന്‍വശത്താണ് ഓപ്പണ്‍ ജിം സജ്ജീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ആരോഗ്യപ്രദമായ ജീവിതം നയിക്കുന്നതിനായി വ്യായാമം ചെയ്യുന്നതിന് ഉപയോഗപ്രദമാകും തരത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.ജെ ജോമി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി മാര്ട്ടിന്, വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.പി അനൂപ്, വാര്‍ഡ് മെമ്പര്‍മാരായ വി.എം ഷംസുദ്ദീന്,സി.പി മുഹമ്മദ്, പി.കെ ബിജു എന്നിവര്‍ പങ്കെടുത്തു.


