കൊച്ചി: ആലുവ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക. ശിശു ദിനത്തിലും പോക്സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. കേസില്‍ വെറും 26 ദിവസം കൊണ്ടാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.
ജൂലൈ 28നായിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ ഏകദേശം 800 പേജോളം വരുന്ന കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനായത്. ക്രൂരമായ കൊലപാതകം നടന്ന് മുപ്പത്തി അഞ്ചാം ദിവസമാണ് പ്രതി ബീഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ കുറ്റംപത്രം നല്‍കിയത്.
പ്രതിയുടെ ഉദ്ദേശ്യം ബലാത്സംഗമായിരുന്നു എന്നും അതിനുശേഷം തെളിവ് നശിപ്പിക്കാനായിരുന്നു കുഞ്ഞിനെ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി കുട്ടിയുടെ അമ്മ ആലുവ ഈസ്റ്റ് പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് ക്രൂരമായ കൊലപാതകം വെളിച്ചത്തുവരാന്‍ കാരണം.
അഞ്ചുവയസുകാരിയെ പീഡനത്തിന് ശേഷം കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലും തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുകളുമുണ്ട്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയത്. എന്നാല്‍ പീഡനം പൊലീസ് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്നാണ് സ്ഥിരീകരിച്ചത്.
അന്വഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീട് പതിനെട്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ആലുവ മാര്‍ക്കറ്റിന് സമീപത്തെ മാലിന്യക്കൂനയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.


