മൂവാറ്റുപുഴ: യു.ഡി.എഫ് ഭരിക്കുന്ന പായിപ്ര ഗ്രാമപഞ്ചായത്തിലെ ഭരണ സമിതിയില്‍ കോണ്‍ഗ്രസ്-ലീഗ് ഭിന്നതെയെതുടര്ന്ന് ഭരണസ്തംഭനവും അഴിമതിയും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുെട നേതൃത്വത്തില്‍ പഞ്ചായത്തിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പായിപ്ര കവലയില്‍ നിന്നും ആരംഭിച്ച മര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്.മുരളീധരന് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം വി.എം.നവാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എച്ച്. ഷഫീഖ് സ്വാഗതം പറഞ്ഞു. സി.പി.എം.ഏരിയ സെക്രട്ടറി എം.ആര്. പ്രഭാകരന്, ഏരിയ കമ്മിറ്റി അംഗം കെ.എന്‍.ജയപ്രകാശ്, സി.പി.എം പായിപ്ര ലോക്കല്‍ സെക്രട്ടറി ആര്.സുകുമാരന്‍, സി.പി.ഐ പായിപ്ര ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. മുളവൂര്‍ ലോക്കല്‍ സെക്രട്ടറി വി.എസ്.മുരളി നന്ദി പറഞ്ഞു. പ്രകടനത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്മിത സിജു, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സീന ബോസ്, സി.പി.ഐ മുളവൂര്‍ ലോക്കല്‍ സെക്രട്ടറി പി.വി.ജോയി, പഞ്ചായത്ത് മെമ്പര്‍മാരായ കെ.ഇ.ഷിഹാബ്, മറിയം ബീവി നാസര്‍, സി.കെ.സിദ്ദീഖ്, നസീമ സുനില്‍, ആമിന മുഹമ്മദ് റാഫി, പി.എസ്.ഗോപകുമാര്‍, എ.ജി.മനോജ്, അശ്വതി ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
മാര്‍ച്ച് സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്.മുരളീധരന് ഉദ്ഘാടനം ചെയ്യുന്നു
യു.ഡി.എഫ് ഭരിക്കുന്ന പായിപ്ര ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് -ലീഗ് ഭിന്നതെയെ തുടര്‍ന്ന് രൂപപ്പെട്ട അഭിപ്രായ ഭിന്നത പഞ്ചായത്ത് ഭരണസമിതിയിലേയ്ക്കും വ്യാപിച്ചിരിക്കുകയാണ്. യു.ഡി.എഫിന്റെ നിയന്ത്രണത്തിലായിരുന്ന ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് എല്‍ഡിഎഫ് അവിശ്വാസത്തെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നു. തുടര്‍ന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം അംഗങ്ങളുണ്ടായിരുന്നിട്ടും ചെയര്‍പേഴ്സണ്‍ സ്ഥാനം എല്‍ഡിഎഫ് അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് ലീഗ് ബന്ധം കൂടുതല്‍ വശളായി. പ്രവര്‍ത്തകരും പ്രദേശീക നേതാക്കളും സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചെളിവാരിയെറിയാന്‍ തുടങ്ങിയത് ഒടുവില്‍ കയ്യാംകളിയിലും സംഘര്‍ഷത്തിലും കലാശിച്ചതോടെ ലീഗ് നേതാവിനെതിരെ പോലീസ് കേസും അറസ്റ്റുമെല്ലാം അരങ്ങേറി. ഇതോടെ പഞ്ചായത്ത് ഭരണസമിതിയിലും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപാര്‍ട്ടികളും രംഗത്തെത്തിയതോടെ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. 2019-20 വാര്‍ഷീക പദ്ധതിവിഹിതം വിനിയോഗിക്കലടയ്ക്കം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നപ്പിലാക്കേണ്ട കാലയളവില്‍ ഇരുപാര്‍ട്ടികളിലേയും ഭിന്നത പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എച്ച്.ഷഫീഖ് പറഞ്ഞു.
പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥയും നടത്തി. പെരുമറ്റത്ത് നിന്നും ആരംഭിച്ച വാഹനപ്രചരണ ജാഥ സി.പി.എം ഏരിയസെക്രട്ടറി എം.ആര്.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. ജാഥ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി പായിപ്ര കവലയില്‍ സമാപിച്ചു. സമാപന സമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു.


