മഴക്കാല മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എറണാകുളം ജില്ലയില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍. ആര് വൃന്ദ ദേവിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മഴക്കാലം ശക്തമാവുന്നതിന് മുന്‍പ് തന്നെ പഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ സജ്ജമാണെന്ന് ഉറപ്പാക്കണമെന്ന് യോഗത്തില്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി. രോഗ ലക്ഷണം ഇല്ലാത്ത ആളുകള്‍, അറുപതു വയസിനു മുകളില്‍ പ്രായമുള്ളവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, തുടങ്ങിയവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കണം. ഓരോ പഞ്ചായത്തിലും അംഗ പരിമിതര്‍, കിടപ്പു രോഗികള്‍, പ്രായമായവര്‍ തുടങ്ങിയ ആളുകളുടെ പ്രത്യേക പട്ടിക സൂക്ഷിക്കണം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും പ്രത്യേക പട്ടികയും പഞ്ചായത്തുകളില്‍ സൂക്ഷിക്കണം. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് താലൂക്ക് തലത്തില്‍ ഉറപ്പാക്കണം.താലൂക്ക് തലത്തിലും ജില്ല തലത്തിലുമുള്ള ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും നേതൃത്വത്തില്‍ ഈ മാസം ഓണ്‍ലൈന്‍ പരിശീലനം നല്‍കും.

