കോവിഡിന്റെ സാഹചര്യത്തില്‍ പിറവം നഗരസഭയില്‍ നിര്‍ദ്ധന രോഗികള്‍ക്കായി ഹെല്‍ത്ത് കിറ്റുകള്‍ വിതരണം ചെയ്യുന്നു. ജില്ലാ ഭരണകൂടവും ബി.പി.സി.എല്ലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹെല്‍ത്ത് കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കളക്ട്രേറ്റില്‍ നിര്‍വ്വഹിച്ചു. പിറവം നഗരസഭാ പരിധിയില്‍ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം എന്നിവബാധിച്ച നിര്‍ദ്ധന രോഗികള്‍ക്ക് സാനിറ്റൈസര്‍, മാസ്ക്, അവശ്യമരുന്നുകള്‍, ആരോഗ്യ പാനീയങ്ങള്‍, പാല്‍പ്പൊടി എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിക്കായി ബി.പി.സി.എല്ലിന്റെ സി.എസ്.ആര് ഫണ്ടില്‍ നിന്നും 5.12 ലക്ഷം രൂപ നല്കി. ജില്ലാ ഭരണകൂടം ആരോഗ്യപാനീയവും പാല്‍പ്പൊടി പായ്ക്കറ്റുകളും ഇതോടൊപ്പം ലഭ്യമാക്കി. ഉദ്ഘാടന ചടങ്ങില്‍ പിറവം നഗരസഭാ ചെയര്മാന് സാബു കെ. ജേക്കബ്, സെക്രട്ടറി എം. മുഹമ്മദ് ആരിഫ്ഖാന്, ബി.പി.സി.എല്‍ പ്രതിനിധി വിനീത് എം. വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

