കൊച്ചി : എറണാകുളം കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡ് ആധുനികീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മോഡല്‍ മൊബിലിറ്റി ഹബ്ബ് നിര്‍മ്മാണം ഫെബ്രുവരി ആദ്യവാരത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരവും സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലയുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളൊന്നായ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കുന്നതിന്റെ ഭാഗമായാണ് സ്ഥല പരിശോധന നടത്തി.
എറണാകുളം കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ നിര്‍ദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും. ഫുട്പാത്ത് ഭൂമി കെ.എസ്.ആര്.ടി.സി വിട്ടു നല്‍കും. ബുധനാഴ്ച കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബിന് സ്ഥലം കൈമാറും.
മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 20 ദിവസത്തിനുള്ളില്‍ ഡി പി ആര് തയ്യാറാക്കും. തുടര്‍ന്ന് ജനുവരി 29ന് തിരുവനന്തപുരത്ത് വച്ച് ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എം ഒ യു ഒപ്പിടുമെന്നും മന്ത്രി പറഞ്ഞു.
കാരിക്കാമുറിയിലെ ഭൂമിയില്‍ കെ.എസ്.ആര്.ടി.സി. ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല.
സ്മാര്‍ട്ട് സിറ്റി ബോര്‍ഡിന്റെ 12 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടപ്പിലാക്കുന്നത്. പുതിയ സ്റ്റാന്‍ഡില്‍ ബസ് ഷെല്‍ട്ടര്‍, യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം, ടോയ്ലറ്റ് തുടങ്ങിയവയും ഒരുക്കും. സ്വകാര്യ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വന്ന് പോകുന്നതിനുള്ള സംവിധാനം ഒരുക്കും.
കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന് എംപി, ടി ജെ വിനോദ് എംഎല്‍എ, കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ വികസന കമ്മീഷണര്‍ എം എസ് മാധവിക്കുട്ടി. കെ എസ് ആര് ടി സി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, സ്മാര്‍ട്ട് സിറ്റി സിഇഒ ഷാജി വി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.