കൊച്ചി: പെരിയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വെള്ളവും ചെളിയും കയറിയ മേഖലകളില്‍ പൊതുസ്ഥലങ്ങളും വീടുകളും ശുചീകരിക്കുന്നതിനുള്ള തീവ്രയത്നപരിപാടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കും. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അടിയന്തര ധനസഹായം എത്രയും വേഗം ലഭ്യമാക്കുമെന്നും ആലുവ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന അവലോകനയോഗത്തിനു ശേഷം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.
നാശനഷ്ടങ്ങള്‍ വിലയിരുത്തി പുനഃനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും ഉടനെ ആരംഭിക്കും. വസ്ത്രങ്ങള്‍, പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ നഷ്ടമാകുകയോ നശിക്കുകയോ ചെയ്ത കുടുംബങ്ങള്‍ക്ക് 3800 രൂപയാണ് അടിയന്തര സഹായമായി നല്‍കുക. വില്ലേജ് ഓഫീസര്‍മാരാണ് അര്‍ഹതയുള്ളവരെ കണ്ടെത്തുക. അടിയന്തര സഹായം ഒരാഴ്ച്ചയ്ക്കകം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
പ്രളയജലം കയറിയ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ്, ശുചിത്വമിഷന് എന്നിവ സംയുക്തമായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അന്‍പൊട് കൊച്ചി, എന്‍.എസ്.എസ്, എന്‍.സി.സി, നെഹ്റു യുവകേന്ദ്ര തുടങ്ങിയവരും മറ്റ് വിവിധ സംഘടനകളും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓരോ വീടിന്റെയും സ്ഥിതി വിലയിരുത്തി അതിനനുസൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
പ്രളയജലം കയറിയ കിണറുകള്‍ വറ്റിച്ച ശേഷം ക്ലോറിനേഷന് നടത്തും. ജലത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കും നടപടി സ്വീകരിക്കും. പ്രളയജലത്തിനൊപ്പം ഇഴജന്തുക്കളും മറ്റും വീടുകളില്‍ കയറിക്കൂടിയിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കും. വീടുകളും പരിസരവും പ്രഷര്‍ വാഷിംഗ് നടത്തേണ്ടതാണെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. കാനകളും തോടുകളും തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ വൃത്തിയാക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തഹസില്‍ദാര്‍മാര്‍ മേല്‍നോട്ടം വഹിക്കും. പ്രളയജലം കയറിയ സ്ഥലങ്ങളിലെ സ്ഥിതിയും ശുചീകരണപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തുന്നതിന് സ്വതന്ത്ര നിരീക്ഷകരെ ചുമതലപ്പെടുത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ. കബീര്‍, ഫോര്‍ട്ടുകൊച്ചി ആര്.ഡി.ഒ എസ്. ഷാജഹാന്, ഡപ്യൂട്ടി കളക്ടര്‍മാരായ പി.ഡി. ഷീലാദേവി, കെ. മധു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്, അഡീഷണല്‍ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി തുടങ്ങിയവരും അവലോകനയോഗത്തില്‍ സംസാരിച്ചു.


