മൂവാറ്റുപുഴ : നഗരസവികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ ഗതാഗതം തിരിച്ചുവിടുന്ന വഴികളിലെ അപകടകെണികളില് മെയിന്റന്സുകള് നടത്താതെ പൊതുമരാമത്ത് വകുപ്പ്. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന നഗരത്തിലേക്ക് വരുന്ന വാഹനം തിരിച്ചുവിടാന്‍ പൊതുമാമത്ത് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മൂവാറ്റുപുഴ ഇ.ഇ.സി. മാര്‍ക്കറ്റ് റോഡിലെ കൈവരി തകര്‍ന്ന് അപകടാവസ്ഥയിലായിട്ട് ഒരുവര്‍ഷം കഴിഞ്ഞു. വഴിവിളക്കുകള്‍ പോലുമില്ലാത്ത ഇവിടെ അപകടങ്ങള്‍ നിത്യസംഭവമാണ്.
ഇവിടെ സ്കൂട്ടര്‍ യാത്രക്കാരന് വീണ് മരിച്ചതാണ്. മറ്റൊരു വാഹനം പെട്ടിക്കട ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇവ നന്നാക്കാതെയാണ് വലിയ തിരക്ക് വരാനിടയുള്ള പരിഷ്കാരം. കോതമംഗലം, കാളിയാര്‍ എന്നിവിടങ്ങളില്‍നിന്ന് എറണാകുളത്തേക്കും എം.സി. റോഡിലേക്കും പോകേണ്ട വാഹനങ്ങള്‍ എതിര്‍ദിശയില്‍ നിന്ന് വരുകയും ചെയ്യും. ഗതാഗതനിയന്ത്രണം തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനായിരുന്നു ആര്.ടി.ഒ., പോലീസ് വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. റോഡ് കോടികള്‍ മുടക്കി നന്നാക്കിയെങ്കിലും ഒരു വര്‍ഷമായി തകര്‍ന്നുകിടക്കുന്ന കൈവരിയിലേക്ക് ആരും ശ്രദ്ധിച്ചിട്ടില്ല. കൈവരി അടിയന്തിരമായി നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.