മൂവാറ്റുപുഴ: ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ട് അടുത്തമാസം തുറന്നു കൊടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ജെ. പത്മകുമാര്‍ പറഞ്ഞു. മൂവാറ്റുപുഴയില്‍ ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. രണ്ട്മാസം മുമ്പ് ഉദ്ഘാടനം നടത്താനൊരുങ്ങിയിരുന്ന ടെസ്റ്റിംഗ് ഗ്രൗണ്ട് മദര്‍ ബോര്‍ഡിന്റെ തകാരാര്‍ മൂലമാണ് ഉദ്ഘാടനം മാറ്റി വച്ചത്. ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച ടെസ്റ്റിംഗ് ഗ്രൗണ്ട് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ മദര്‍ ബോര്‍ഡ് തകരാറിലാകുകയായിരുന്നു. ജര്‍മ്മനിയില്‍ നിന്നും കഴിഞ്ഞദിവസമാണ് മദര്‍ ബോര്‍ഡ് വന്നെത്തിയത്. ഇത് ഫിറ്റ് ചെയ്തതിനുശേഷം അടുത്തമാസം ഉദ്ഘാടനം ചെയ്യാമെന്നാണ് കരുതുന്നതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ജെ. പത്മകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച ടെസ്റ്റിംഗ് ഗ്രൗണ്ട് സന്ദര്ശിക്കുവാനെത്തിയതായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. ജില്ലാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഷാജി ജോസഫ്, ആര്.ടി. റെജി.പി. വര്‍ഗീസ്, മോട്ടോര്‍ വൈക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി.എ. സമീര്‍, സി.കെ. അബ്രാഹാം, പ്രസാദ് വി. മാത്യു എന്നിവരും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോടൊപ്പം ഉണ്ടായിരുന്നു. 2015ല്‍ ആണ് പെരുമ്പല്ലൂരില്‍ ടെസ്റ്റിംഗ് ഗ്രൗണ്ടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ച ആധുനീക ടെസ്റ്റിംഗ് ഗ്രൗണ്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലക്കുകയായിരുന്നു.
സംസ്ഥാനത്തെ അഞ്ചാമത്തെയുംജില്ലയിലെആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
മൂന്നു കോടിയോളം രൂപയാണു പദ്ധതിക്കായി ചെലവഴിച്ചത്. ജലസേചന വകുപ്പാണ് പദ്ധതിക്ക് ഭൂമി നല്‍കിയത്. അപകട രഹിതമായ ഡ്രൈവിങ് സംസ്കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു കംമ്പ്യൂ ട്ടര് വല്കൃത ഡ്രൈവിങ് ടെസ്റ്റ്, വെഹിക്കിള്‍ ഫിറ്റ്നസ് പരിശോധന സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് . ഡ്രൈവിങ് ടെസ്റ്റ് ഇവിടെ പൂര്‍ണ്ണമായും കംമ്പ്യൂട്ടര്‍ സംവിധാനത്തിലാണ് നടത്തുന്നത്. കംമ്പ്യൂട്ടര്‍ ഡ്രൈവര്‍ ടെസ്റ്റിങ് ട്രാക്കാണ് ഇതിനായി ഉപയോഗിക്കുന്നത്.വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പൂര്‍ണ്ണമായും കംമ്പ്യൂട്ടര്‍ നിയന്ത്രണത്തിലായിരിക്കും.


