പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന വനിത ഡോക്ടറുടെ തലയിലേക്ക് മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്നുവീണു. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ. കീര്‍ത്തന ഉണ്ണികൃഷ്ണന്റെ തലയിലേക്കാണ് കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്ന് വീണത്. ജോലിയ്ക്കായി കോട്ടയത്തേക്ക് പോകാനെത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിന് മുന്‍വശത്ത് ബസ് കാത്തുനില്‍ക്കുമ്പോഴാണ് മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നുവീണത്. അപകടത്തില്‍ കീര്‍ത്തനയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
പറയുന്നുണ്ട് കേള്‍ക്കാനാളില്ല
നിരവധി ആളുകളെത്തുന്ന ബസ് സ്റ്റാന്‍ഡ് ശോചനീയവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. നവീകരിക്കാനുള്ള യാതൊരുവിധ നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് ആരോപണം. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തുകാണുന്ന അവസ്ഥയിലാണ്. കേരളത്തിലെ പല കെഎസ്ആര്‍ടിസി സ്റ്റാന്റുകളും ഇതേ അവസ്ഥയിലാണ്. പല സ്ഥലത്തും പ്രാദേശിക കൂട്ടായ്മകള്‍ സ്റ്റാന്റുകളുടെ ഈ അവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.


