മൂവാറ്റുപുഴ : പഞ്ചഗുസ്തിയില്‍ ഈ കുടുംബത്തോട് ഗുസ്തി പിടിക്കാമെന്ന് ആരും വിചാരിക്കേണ്ട. അത്ര കൈക്കരുത്തുണ്ട് മൂന്ന് പെണ്മക്കളുള്ള സുരേഷ് മാധവന്റെ കുടുംബത്തിന്. സുരേഷും ഭാര്യ റീജയും മക്കളായ ആര്‍ദ്ര, അമേയ, ആരാധ്യ എന്നിവരും പഞ്ചഗുസ്തിയില്‍ ദേശീയ, അന്താരാഷ്ട്ര താരങ്ങളാണ്.
ജൂണ്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ മഥുര യൂണിവേഴ്സിറ്റിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സുരേഷും ഭാര്യയും മക്കളും കൂടി വീട്ടിലെത്തിച്ചത് ആറ് സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും. 18-ാം വയസ്സില്‍ ദേശീയ ചാമ്പ്യനായിരുന്ന സുരേഷ് മാധവന് ഇക്കുറി ഗ്രാന്‍ഡ് മാസ്റ്റര്‍ (90 കിലോ) വിഭാഗത്തില്‍ രണ്ട് സ്വര്‍ണം നേടി. ഭാര്യ റീജ സുരേഷ് മാസ്റ്റേഴ്സില്‍ സ്വര്‍ണവും സീനിയേഴ്സില്‍ രണ്ട് വെള്ളിയും കരസ്ഥമാക്കി.
ഇന്റര്‍നാഷണല്‍ താരമായ മൂത്ത മകള്‍ ആര്‍ദ്ര 45 കിലോഗ്രാം വിഭാഗത്തില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും സീനിയര്‍ 50 കിലോ വിഭാഗത്തില്‍ രണ്ട് വെള്ളിയും സ്വന്തമാക്കി. മൂവാറ്റുപുഴ സെയ്ന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അമേയ 45 കിലോഗ്രാം ജൂനിയര്‍ വിഭാഗത്തില്‍ ഒരു വെള്ളിയും ഒരു വെങ്കലവും നേടി. ഇളയ മകള്‍ മൂവാറ്റുപുഴ ടൗണ്‍ യു.പി. സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ആരാധ്യ സബ് ജൂനിയര്‍ വിഭാഗത്തില്‍ (40 കിലോ) രണ്ട് സ്വര്‍ണമെഡല്‍ നേടി.
മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മേലേത്തുഞാലില് വീടിനടുത്ത് സ്ത്രീകള്‍ക്ക് മാത്രമായി ജിംനേഷ്യം നടത്തുന്നുണ്ട് റീജയും മൂന്ന് പെണ്‍കുട്ടികളും. ആര്‍ദ്രയാണ് കുട്ടികളുടെ പരിശീലക. 2019-ല്‍ റൊമാനിയയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നാലാംസ്ഥാനവും 2022-ല്‍ തുര്‍ക്കിയില്‍ നടന്ന മത്സരത്തില്‍ ആറാംസ്ഥാനവും ആര്‍ദ്ര നേടിയിട്ടുണ്ട്. 2010-ല്‍ സ്പെയിനില്‍ നടന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ വെള്ളി നേടിയ താരമാണ് സുരേഷ് മാധവന്. കസാഖ്സ്താനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ മെഡല്‍ നേടാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആര്‍ദ്ര. ഒരു വീട്ടിലേക്ക് ഇവരെത്തിച്ചത് 13 മെഡല്‍