മൂവാറ്റുപുഴ: ഭിന്നശേഷിക്കാര്‍ക്ക് ഉല്ലാസ യാത്ര ഒരുക്കി സംസ്ഥാനത്തിന് മാതൃകയാവുകയാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. മാന്ത്രികന് മുതുകാടിന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ മാജിക്ക് പ്ലാനെറ്റ്, വര്‍ക്കല ബീച്ച് എന്നിവയാണ് സംഘം സന്ദര്‍ശിക്കുന്നത്.
ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുക്കിയിടാതെ അവരെ പുറം ലോകത്തേയ്ക്ക് എത്തിക്കുകയും ചലനശേഷിയും സംസാരശേഷിയും ഇല്ലങ്കിലും പുറംലോകത്തെ കാഴ്ചകള്‍ അവരെയും മോഹിപ്പിക്കുന്നതാണന്നും ഇത് മാതാപിതാക്കളിലൂടെ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രോഫ. ജോസ് അഗസ്റ്റിന് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതിക്കി അംഗീകാരം ലഭിക്കുന്നത്. 2022-23 വാര്‍ഷീക പദ്ധതിയില്‍ പദ്ധതിയില്‍ 2.50-ലക്ഷം രൂപ ഉള്‍പ്പെടുത്തി ഇത്തരം ഒരു പ്രൊജക്ട് ചെയ്യാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന് അനുമതി ലഭിക്കുന്നത്.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ആവോലി, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, മാറാടി, പായിപ്ര, വാളകം, ആരക്കുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെയും അവരുടെ ഓരോ രക്ഷിതാവിനുമാണ് ഉല്ലാസ യാത്ര ഒരുക്കിയിരിക്കുന്നത്. 70- കുട്ടികളും 70-രക്ഷകര്‍ത്താക്കളും, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, ഐ.സി.ഡി.എസ്.സൂപ്പര്‍ വൈസര്‍ അടക്കമുള്ള 200-പേരാണ് യാത്രക്കായി ഒരുങ്ങുന്നത്.
ഈ മാസം 15ന് രാവിലെ 6ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി പരിസരത്ത് നിന്നും പുറപ്പെടുന്ന സംഘം പുതുപ്പള്ളി പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് ബ്രൈക്ക് ഫാസ്റ്റ് ഒരുക്കിയിരിക്കുന്നത്. മാന്ത്രികന് മുതുകാടിന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ മാജിക്ക് പ്ലാനെറ്റ് സന്ദര്‍ശിക്കും. ഇവിടെയാണ് ഉച്ചഭക്ഷണവും ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വര്‍ക്കല ബീച്ചില്‍ സന്ദര്‍ശനം നടത്തി സംഘം മടങ്ങും.
ഉല്ലാസയാത്രയ്ക്ക് മാജിക്ക് പ്ലാനെറ്റിലും, വര്‍ക്കല ബീച്ചിലും, പുതുപ്പള്ളി പള്ളി ഹാളിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിവിധ സംഘടനകളുടെ സഹായം ഉറപ്പാക്കിയിട്ടുണ്ടന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രോഫ. ജോസ് അഗസ്റ്റിന് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രോഗ്രാമിന് നേതൃത്വം നല്കുന്ന വൈസ്പ്രസിഡന്റ് സാറാമ്മ ജോണ്‍, മെമ്പര്‍മാരായ ബെസ്റ്റിന് ചേറ്റൂര്‍, കെ.ജി.രാധാകൃഷ്ണന് എന്നിവരും സംമ്പന്ധിച്ചു.