കൊച്ചി : ഡിസംബര്‍ 11, ഇന്ന് അന്താരാഷ്ട്ര പര്‍വത ദിനം. പർവതങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവയുടെ സംരക്ഷണത്തിനും വേണ്ടിയാണ് എല്ലാ വർഷവും ഡിസംബർ 11 അന്താരാഷ്ട്ര പർവത ദിനമായി ആചരിക്കുന്നത്. കൂടാതെ ശുദ്ധജലം, ശുദ്ധമായ ഊര്‍ജം, ഭക്ഷണം, വിനോദം എന്നിവ നല്കുന്നതില് പര്‍വതങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആളുകളിൽ ബോധവത്കരിക്കുന്നതിനും ഈ ദിനം പ്രാധാന്യം നൽകുന്നു. പര്‍വതങ്ങള്‍ നേരിടുന്ന ഭീഷണികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതോടൊപ്പം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിലും പരിസ്ഥിതിയിലും നല്ല മാറ്റം കൊണ്ടുവരുന്ന സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പര്‍വതങ്ങളുടെ സംരക്ഷണം സുസ്ഥിര വികസനത്തിന് പ്രധാന നൽകുന്ന ഘടകങ്ങളിലൊന്നാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജി) 15-ാം ലക്ഷ്യത്തിന്റെ ഭാഗമായാണ് പർവത ദിനം ആഘോഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും അമിത ചൂഷണവും മൂലം നിരവധി മലനിരകള്‍ ഇന്ന് ഭീഷണി നേരിടുകയാണ്. അതിനാല്‍ മലനിരകളുടെ സംരക്ഷണം മനുഷ്യ രാശിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്.

