മൂവാറ്റുപുഴ: കാലവര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന എം.സി.റോഡ് നവീകരണത്തിന് തുടക്കമായി. റോഡ് നവീകരണത്തിന് പൊതു മരാമത്തു വകുപ്പില്‍ നിന്നും 15 കോടി രൂപ അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച് പെരുമ്പാവൂര്‍ വല്ലം വരെയുള്ള 21-കിലോമീറ്റര്‍ വരുന്ന റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ചത്. ഇ.കെ.കെ.കണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്കാണ് നിര്‍മ്മാണ ചുമതല. റോഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുകയും ദിശാ ബോര്‍ഡുകളും റിഫ്ലക്ടര്‍ ലൈറ്റുകളും സ്ഥാപിക്കും. സ്ഥിരമായി റോഡ് തകരുന്ന മൂവാറ്റുപുഴ പുളിഞ്ചോട് മീന്‍മാര്‍ക്കറ്റിന് സമീപം ടൈല്‍ വിരിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
പുളിഞ്ചോട് ജംഗ്ഷന് മുതല്‍ ചാരീസ് ആശുപത്രിയുടെ ഭാഗം വരെയുള്ള 350-മീറ്റര്‍ ടൈല്‍ വിരിച്ച് മനോഹരമാക്കും. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കെ.എസ്.ടി.പി നിര്‍മ്മിച്ച റോഡ് പലസ്ഥലങ്ങളിലും തകര്‍ന്ന് കിടക്കുകയാണ്. ഇതിന് പുറമേ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അടക്കം വീണ് അപകടവും പതിവായിരുന്നു. ദിശാ ബോര്‍ഡുകളും റിഫ്ലക്ടര്‍ ലൈറ്റുകളും ഇല്ലാത്തതിനാല്‍ റോഡില്‍ അപകടങ്ങളും തുടര്‍ക്കഥയാണ്. റോഡിലെ വളവുകളില്‍ അപകടങ്ങള്‍ നിത്യ സംഭവമായതോടെ ജനകീയ പ്രതിഷേധമുയര്‍ന്ന് വന്നിരുന്നു. ഇതേ തുടര്‍ന്ന് അപകടരഹിത എം.സി. റോഡിനുവേണ്ടി ജനപ്രതിനിധികള്‍, പൊതുമരാമത്ത്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റോഡിന് ഫണ്ട് അനുവദിച്ചത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പേ തന്നെ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് എല്‍ദോഎബ്രഹാം എം.എല്‍.എ പറഞ്ഞു.


