മൂവാറ്റുപുഴ: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മൂവാറ്റുപുഴയിലെ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ മന്ത്രി എ.സി.മൊയ്തീന് നിവേദനം നല്കി. ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വീകരിക്കുന്നതിനായി മൂവാറ്റുപുഴ താലൂക്ക് ഓഫീസിലെത്തിയ മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും മൂവാറ്റുപുഴ നഗരത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഭയാനകമായ വിധത്തില്‍ വെള്ളം കയറി. കടകളില്‍ സൂക്ഷിച്ചിരുന്ന സകല വസ്തുക്കളും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നശിച്ചുപോയി.
ഓണം, ബക്രീദ് എന്നിവ മുന്നില്‍ കണ്ട് അന്യായ പലിശക്കെടുത്തും, ബാങ്ക് വായ്പകളെടുത്തും സാധനങ്ങള്‍ വാങ്ങികൂട്ടി കടകളില്‍ സ്റ്റോക്ക് ചെയ്തിരുന്ന മുഴുവന്‍ സാധനങ്ങളും നശിച്ചുപോയതിനാല്‍ വ്യാപാരികള്‍ക്ക് കനത്ത ധനനഷ്ടമാണ് വന്നിട്ടുള്ളത്. ജൂലൈ പകുതി മുതല്‍ തുടങ്ങിയ മഴയും, പ്രളയവും മൂലം സംഭവിച്ച നാശനഷ്ടങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇതുവരെ പൂര്‍ണ്ണ തോതില്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം നൂറുകോടി രൂപയുടെ ധനനഷ്ടം മൂവാറ്റുപുഴയിലെ വ്യാപാരി സമൂഹത്തിന് വന്നതായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വ്യാപാരികളെ ദുരവസ്ഥയില്‍ നിന്നും കരകയറ്റുന്നതിന് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായമുള്‍പ്പടെ ലഭിക്കേണ്ടതുണ്ട്. നിലവില്‍ വ്യാപാരികള്‍ എടുത്തിട്ടുള്ള ബാങ്ക് വായ്പകളുടെ പലിശ ഒഴിവാക്കകയും, പുതിയ പലിശ രഹിത വായ്പകള്‍ അനുവദിച്ചു നല്‍കുകയും ചെയ്യണം. കൂടാതെ വിവിധ തരം നികുതിയില്‍ നിന്നും ഒഴിവാക്കികൊണ്ടും വ്യാപാരികളെ സര്‍ക്കാര്‍ സഹായിക്കണം. വ്യാപാരികള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് റിലീഫ് പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മൂവാററുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, സെക്രട്ടറി കെ.എ.ഗോപകുമാര്‍, ഒ.വി.ബാബു, മഹേഷ് കമ്മത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രി എ.സി. മൊയ്തീന് നിവേദനം നല്കി.


