മൂവാറ്റുപുഴ: നയതന്ത്ര ചാനലിലൂടെ നടന്ന സ്വർണ്ണ കള്ളക്കടത്തു കേസിൽ എൻ.ഐ.എയുടെ അന്വേഷണത്തോടൊപ്പം സി.ബി.ഐ.കൂടി വേണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി. ദേശ രക്ഷയും, രാജ്യദ്രോഹവും എൻ.ഐ.എയുടെ പരിധിയിൽ വരും. എന്നാൽ ഐ.ടി വകുപ്പിലും, മറ്റും നടന്ന അവിഹിത ഇടപാടുകളും, മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടലുകളും, അന്വേഷിക്കുന്നതിന് സി.ബി.ഐ.പോലുള്ള ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് ബെന്നി ചൂണ്ടിക്കാട്ടി. മുഖ്യൻ്റെ ഓഫീസ് എല്ലാ മാഫിയ സംഘങ്ങൾക്കും അഭയം നൽകുന്ന കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.
യു.ഡി.എഫു് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി നെഹൃ പാർക്കിൽ നടത്തിയ സത്യാഗ്രഹം ഉൽഘാടനം ചെയ്യുകയായിരുന്നു. മാഫിയ സംഘത്തിൽപ്രധാന കണ്ണിയായി മാറിയ മുഖ്യമന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കർ സ്വയം ദീർഘകാല അവധിയെടുത്ത് മാറിയത് കൊണ്ടു് മാത്രം രക്ഷപ്പെടുത്താനാവില്ല. ശിവശങ്കറുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നാൽ സി.പി.എം ൻ്റെ ഉന്നതതലങ്ങളിലേക്ക് എത്തിച്ചേരും. തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി തുടർന്നുള്ള പ്രക്ഷോഭങ്ങൾ തീരുമാനിക്കുമെന്ന് കൺവീനർ പറഞ്ഞു.
ചെയർമാൻ കെ.എം.സലിം അധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എം.പി., എക്സ് എം.എൽ: എ.മാരായ ജോണി നെല്ലൂർ, ജോസഫ് വാഴക്കൻ, ഫ്രാൻസിസ് ജോർജ്ജ് എക്സ് എം.പി. ജയ്സൺ ജോസഫ്, വിൻസെൻ്റ് ജോസഫ്, കെ.എം.അബ്ദുൾ മജീദ്, ഷിബു തെക്കുംപുറം, പായിപ്ര കൃഷണൻ, ജോയി മാളിയേക്കൽ, പി.പി.എൽദോസ് ,ഉല്ലാസ് തോമസ്, പി.എസു്. സലിംഹാജി, ജോസ് പെരുമ്പിള്ളി, പി.എ.ബഷീർ, എം.എം. സീതി, ടോമി പാലമല , പി.ആർ നീലകണ്ഠൻ, ടോം കുര്യാച്ചൻ, തുടങ്ങിയവർ പ്രസംഗിച്ചു.

